മലപ്പുറം: വിദ്യാഭ്യാസ- ആത്മീയ രംഗത്ത് സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സന്ദീപ് വാര്യർ. സമസ്ത അദ്ധ്യക്ഷൻ ജിഫ്രിക്കോയ തങ്ങളെ മലപ്പുറത്ത് എത്തി കണ്ടതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് സന്ദീപ് വാര്യരെ പൂർണമായും സ്വീകരിച്ച് കഴിഞ്ഞുവെന്ന് മുത്തുക്കോയ തങ്ങളും വ്യക്തമാക്കി.
രാവിലെ ആയിരുന്നു കഴിശ്ശേരിയിലെ വീട്ടിൽ എത്തി സന്ദീപ് വാര്യർ മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യർ മുത്തുക്കോയ തങ്ങൾക്ക് കൈമാറി. കോൺഗ്രസിൽ ചേർന്നതിന് തൊട്ട് പിന്നാലെ അദ്ദേഹം പാണക്കാട് എത്തി സാദിഖ് അലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സമസ്ത അദ്ധ്യക്ഷനുമായുള്ള കൂടിക്കാഴ്ച.
കേരളത്തിൽ ആത്മീയ രംഗത്തും വിദ്യാഭ്യാസ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനം ആണ് സമസ്തയെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അതിന് നേതൃത്വം നൽകുന്ന വലിയ മനുഷ്യൻ ആണ് മുത്തുക്കോയ തങ്ങൾ. ഏറെക്കാലമായി അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കുന്നു. ഇപ്പോഴാണ് കാണാൻ സാധിച്ചത്. ഇതൊരു വലിയ ഭാഗ്യമായി കാണുന്നു. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ മുന്നോട്ട് പോകുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
സമസ്ത മതസൗഹാർദ്ദത്തിന് ഊന്നൽ നൽകുന്ന സംഘടന ആണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചു. സന്ദീപ് വാര്യരെ കോൺഗ്രസ് സ്വീകരിച്ച് കഴിഞ്ഞു. സമൂഹത്തിൽ വിഭാഗീയത വളർത്തുന്നതിൽ സമസ്തയ്ക്ക് പങ്കില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കുന്ന സംഘടനയാണ് സമസ്ത. മതസൗഹാർദം ഊട്ടിയുറപ്പിക്കുന്ന പ്രവർത്തനങ്ങളുമായി സമസ്ത മുന്നോട്ട് പോകും. ഇതിന്റെ ഭാഗമായിട്ടാണ് സന്ദീപ് വാര്യർ തന്നെയും സാദിഖലി തങ്ങളെയും കണ്ടത് എന്നും മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
Discussion about this post