എറണാകുളം : കൊച്ചിയെ ഇളക്കി മറിക്കാനായി മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു. നവംബർ 27 നാണ് താരം കൊച്ചിയിൽ എത്തുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേയാണ് കൊച്ചിയിലേക്ക് താരം എത്തുന്നത്.
പുഷ്പ 2 എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് അല്ലു കേരളത്തിലേക്ക് വരുന്നത്. അല്ലു അർജുൻ നായകനാകുമ്പോൾ അപ്പുറത്തുള്ള ഫഹദ് ഫാസിലിന്റെ ഭൻവർ സിംഗ് ഷെഖാവത്തും അതിശക്തനായി നിൽപ്പുണ്ട്. ആദ്യ ഭാഗത്തിനേക്കാൾ സ്‌ക്രീൻസ്‌പേസും സമയവും ഇത്തവണ ഭൻവർ സിംഗ് ഷെഖാവത്തിനുണ്ടാകുമെന്ന് ഉറപ്പ് നൽകും വിധമാണ് ട്രെയിലറിൽ ഫഹദിനെ അവതരിപ്പിച്ചിരിക്കുന്നത്. രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലിയും ചിത്രത്തിൽ പ്രധാന്യത്തോടെ എത്തുന്നുണ്ട്.
മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ചിത്രം സുകുമാറാണ് സംവിധാനം ചെയ്യുന്നത്. ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്.ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്.
Discussion about this post