ബോളിവുഡിലെ നെപ്പോട്ടിസം വിവാദങ്ങൾ ഏറെ വിവാദം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റൊന്നാണ് യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ സൂപ്പർസ്റ്റാർ ആയി മാറിയ ചില താരങ്ങളുടെ സിനിമാ ജീവിതം. ബോളിവുഡിൽ ഭൂരിഭാഗം പേരും പാരമ്പര്യമായി സിനിമയിലേക്ക് എത്തുന്നവർ ആണെങ്കിലും ചെറിയൊരു വിഭാഗം സ്വന്തം കഴിവുകൾ കൊണ്ട് സിനിമാരംഗം കീഴടക്കിയവരായി ഉണ്ട്. ഈ വിഭാഗത്തിൽ പലരും സിനിമയിലേക്ക് എത്തിയത് ടെലിവിഷൻ രംഗത്തുനിന്നും ആണ്. അത്തരത്തിൽ ടെലിവിഷൻ രംഗത്തുനിന്നും സിനിമയിലേക്ക് എത്തി ശ്രദ്ധ നേടിയ ബോളിവുഡിലെ ചില സൂപ്പർതാരങ്ങളെ ഈ ലോക ടെലിവിഷൻ ദിനത്തിൽ പരിചയപ്പെടാം.
ഷാരൂഖ് ഖാൻ
ടെലിവിഷൻ പരമ്പരയിലൂടെ ജനങ്ങളുടെ പ്രിയതാരമായി പിന്നീട് സിനിമയിലേക്ക് കടന്നുവന്ന് ബോളിവുഡ് കീഴടക്കിയ താരമാണ് കിംഗ് ഖാൻ. ‘ഫൗജി’, ‘സർക്കസ്’ എന്നീ ചിത്രങ്ങളിലൂടെ ഷാരൂഖ് സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. ഇന്ന് ലോകമെമ്പാടുമുള്ള ഏറ്റവും വിജയകരമായ കരിയർ ഉള്ള നടന്മാരിൽ ഒരാളായി അദ്ദേഹം ബോളിവുഡിന്റെ സൂപ്പർതാര പദവി അലങ്കരിക്കുന്നു.
ഇർഫാൻ ഖാൻ
അന്തരിച്ച നടൻ ഇർഫാൻ ഖാൻ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ബോളിവുഡ് താരമാണ് . ‘ചാണക്യ’, ‘ബനേഗി അപ്നി ബാത്’, ‘ചന്ദ്രകാന്ത’ തുടങ്ങിയ ടിവി പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അദ്ദേഹം തന്നെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് സിനിമ രംഗത്തേക്ക് കടന്നുവന്ന ഇർഫാൻ ഖാൻ ‘പാൻ സിംഗ് തോമർ’, ‘ദി ലഞ്ച്ബോക്സ്’, ‘മഖ്ബൂൽ’ തുടങ്ങിയ ചിത്രങ്ങളിലെ നിരൂപക പ്രശംസ നേടിയ പ്രകടനങ്ങളാൽ ലോക സിനിമയിൽ തന്നെ ശ്രദ്ധ നേടി. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.
വിക്രാന്ത് മാസി
ബോളിവുഡിലെ പുതുതലമുറ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് വിക്രാന്ത് മാസി. ‘ബാലികാ വധു’, ‘ധരം വീർ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. പിന്നീട് സിനിമ രംഗത്തേക്ക് കടന്നുവന്ന വിക്രാന്ത് മാസി ‘ട്വൽത്ത് ഫെയിൽ ‘, ‘ദി സബർമതി റിപ്പോർട്ട്’, ‘ഛപാക്’ തുടങ്ങിയ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പുതുതലമുറ സൂപ്പർതാരമായി മാറിയിരിക്കുകയാണ്.
വിദ്യ ബാലൻ
ഹം പാഞ്ച് എന്ന ടിവി പരമ്പരയിലൂടെയാണ് വിദ്യാ ബാലൻ്റെ അഭിനയ യാത്ര ആരംഭിച്ചത്. പിന്നീട് സിനിമ രംഗത്ത് പരിനീത എന്ന ചിത്രത്തിലൂടെ വിദ്യ മികച്ച അരങ്ങേറ്റം കുറിച്ചു. കഹാനി, ദി ഡേർട്ടി പിക്ചർ, തുമാരി സുലു, അടുത്തിടെ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ 3 എന്നിവയിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് ബോളിവുഡിലെ എക്കാലത്തെയും മികച്ച വനിതാ താരങ്ങളിൽ ഒരാളായി വിദ്യാ ബാലൻ മാറി.
മൃണാൾ താക്കൂർ
കുംകും, ഭാഗ്യ തുടങ്ങിയ ടിവി ഷോകളിലെ വേഷങ്ങളിലൂടെയാണ് മൃണാൾ താക്കൂർ ടെലിവിഷൻ രംഗത്ത് പ്രശസ്തി നേടിയത്. പിന്നീട് ലവ് സോണിയയിലൂടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റവും മൃണാൾ മികച്ചതാക്കി. സൂപ്പർ 30, ജേഴ്‌സി, സീതാ രാമം തുടങ്ങിയ ഹിറ്റുകളിലൂടെ ഇന്ന് മൃണാൾ താക്കൂർ ബോളിവുഡിൽ തനതായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
Discussion about this post