കൊച്ചി: കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി തപാൽ വകുപ്പ്. വെറും 899 രൂപയ്ക്കാണ് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് വാഗ്ദാനം ചെയ്യുന്നത്. തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കാണ് ഈ നേട്ടം ലഭിക്കുക. ഐപിപിബി അക്കൗണ്ട് ഇല്ലെങ്കിൽ 200 രൂപ അധികമായി നൽകി അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
ഇതൊരു ടോപ്പ് അപ്പ് പ്ലാൻ ആണ്. അതായത് അഡ്മിറ്റ് ആയി ചികിസ്തിക്കുമ്പോൾ ആദ്യത്തെ രണ്ട് ലക്ഷം രൂപയ്ക്ക് ക്ലെയിം ലഭിക്കുന്നതല്ല. തുടർന്ന് അതേ വർഷം വരുന്ന രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലും 15 ലക്ഷം വരെയുമുള്ള ക്ലെയിം കാഷ്‌ലെസ്സായി ലഭിക്കും. ഐപിപിബിയ്ക്ക് ടൈ അപ്പ് ഉള്ള ആശുപത്രികിലാണ് ഇത്. നാല് തരത്തിലാണ് പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. 899 രൂപയുടേത് വ്യക്തഗിഗത പ്ലാൻ ആണ്. അതേസമയം ഭാര്യയ്ക്കും ഭർത്താവിനും കൂടി ഒരുമിച്ചാണെങ്കിൽ 1399 രൂപയും അവർക്കൊപ്പം ഒരു കുട്ടിക്കും കൂടി 1799 രൂപയും, ഭാര്യയ്ക്കും ഭർത്താവിനും രണ്ട് കുട്ടികൾക്കും ആണെങ്കിൽ 2199 രൂപയുമാണ് നിരക്ക്.
18 വയസ് മുതൽ 60 വയസുവരെയാണ് പോളിസിയിൽ ചേരാനുള്ള പ്രായപരിധി. 60 വയസിന് മുൻപ് പോളിസി എളുത്താൽ തുടർന്ന് പോരാം. കുട്ടികൾ ആണെങ്കിൽ ജനിച്ച് 91 ദിവസം മുതൽ പദ്ധതിയിൽ ചേരാം. പോളിസി കാലാവധി ഒരു വർഷമാണ്.
മറ്റേതെങ്കിലും ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിൽ അംഗമായിട്ടുള്ളവർക്കും അല്ലാത്തവർക്കും ഈ പദ്ധതിയിൽ ചേരാം. എന്നാൽ നിലവിൽ അസുഖമുള്ളവർക്ക് ഇതിൽ ചേരാൻ സാധിക്കുന്നതല്ല,നിബന്ധനകൾക്ക് വിധേയമായി ചെറിയ അസുഖങ്ങൾ പരിഗണിക്കും .പോളിസി എടുത്ത് 30 ദിവസത്തിന് ശേഷം വരുന്ന എല്ലാ അസുഖങ്ങളും കവർ ചെയ്യുന്ന ഈ പ്ലാനിൽ ആദ്യ രണ്ട് വർഷം കാത്തിരിക്കേണ്ടി വരുന്ന ചുരുക്കം ചില അസുഖങ്ങളുമുണ്ട്. ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ സർട്ടിഫിക്കേഷനുള്ള പോസ്റ്റ്മാൻ വഴിയാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക.നിവാ ബുപാ ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് തപാൽ വകുപ്പ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post