പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടന്ന് സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനം ഇന്ന്. പാലക്കാട്, ചേലക്കര എന്നീ നിയോജക മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലമാണ് ഇന്ന് പുറത്തുവരിക. ഇതുവരെ കാണാത്ത രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് ആയിരുന്നു ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് കേരളം സാക്ഷ്യം വഹിച്ചത്.
രാവിലെ എട്ട് മണിയോടെയാകും വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. ഇതിന് പിന്നാലെ എവിഎം വോട്ടുകളും എണ്ണിത്തുടങ്ങും. ഒൻപത് മണിയോടെ തന്നെ മൂന്ന് മണ്ഡലങ്ങളിലെയും ആദ്യ ഫലസൂചനകൾ പുറത്തുവരും. ഈ ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലം ആണ് പാലക്കാട്.
പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ഇക്കുറി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എംപി ആയി വടകരയിൽ നിന്നും വിജയിച്ചിരുന്നു. ഇതേ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് എംപി ആയി. ഇതേ തുടർന്നാണ് ചേലക്കര മണ്ഡലത്തിൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ച് റായ്ബറേലി സ്വീകരിച്ചു. ഇതോടെ വയനാടും ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.
Discussion about this post