പാലക്കാട്: കോൺഗ്രസ് വിട്ട് ഇടത്പാളയത്തിലേക്ക് ചേക്കേറിയ പി. സരിന് ആശ്വാസത്തിന് വക. കഴിഞ്ഞ തവണ ഇടത് സ്ഥാനാർത്ഥി നേടിയതിനെക്കാൾ 400 വോട്ടുകളാണ് സരിന് അധികമായി ലഭിച്ചിരിക്കുന്നത്. അതേസമയം സരിൻ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
അഞ്ച് റൗണ്ട് വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 10,053 വോട്ടുകളാണ് സരിന് ലഭിച്ചിരിക്കുന്നത്. 2021 ലെ തിരഞ്ഞെടുപ്പിൽ നാല് റൗണ്ട് വോട്ടുകൾ എണ്ണി തീർന്നപ്പോൾ 9704 വോട്ടുകൾ ആയിരുന്നു ഇടത് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചിരുന്നത്. കഴിഞ്ഞ തവണത്തെ ഫലവുമായി താരതമ്യം ചെയ്താൽ നാന്നൂറ് വോട്ടുകൾ സരിന് അധികം നേടിയിട്ടുണ്ട്.
അതേസമയം ഒരിക്കൽ പോലും മണ്ഡലത്തിൽ ലീഡ് ഉയർത്താൻ സരിന് കഴിഞ്ഞില്ല. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ സരിൻ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് റൗണ്ടുകളിൽ മണ്ഡലത്തിൽ ബിജെപി ആയിരുന്നു ലീഡ് നിലനിർത്തിയിരുന്നത്. എന്നാൽ പിന്നീട് രാഹുൽ ഈ ലീഡ്‌നില മറികടക്കുകയായിരുന്നു. പാലക്കാടിന് വീണ്ടും കോൺഗ്രസ് എംഎൽഎയെ ലഭിക്കുമെന്ന സൂചനകൾ ആണ് ഇത് നൽകുന്നത്.
പാലക്കാട് കോൺഗ്രസിന് കനത്ത തിരിച്ചടി ലഭിക്കുമെന്നായിരുന്നു വോട്ടെണ്ണലിന് മുൻപ് സരിൻ പ്രതികരിച്ചത്. തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടമാക്കിയിരുന്നു. എന്നാൽ ഇതിന് വിപരീതമാണ് പാലക്കാട്ടെ ട്രെൻഡ്.
Discussion about this post