പെർത്ത് : കുപ്രസിദ്ധമായ സ്ലെഡ്ജിംഗുകളും വിവാദങ്ങളും കൊണ്ട് എപ്പോഴും വാർത്തകളിലിടം പിടിക്കുന്ന ഒരു പരമ്പരയാണ് ബോർഡർ- ഗാവസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് മത്സരങ്ങൾ. ഇക്കുറിയും അതിൽ വ്യത്യാസമൊന്നുമില്ല. ഹർഷിത് റാണ- മിച്ചൽ സ്റ്റാർക്ക്- യശസ്വി ജെയ്സ്‌വാൾ ഇവർ തമ്മിലുള്ള രസകരമായ ഉരസലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
അവസാന വിക്കറ്റിൽ ഉറച്ച് നിന്ന് പൊരുതിയ മിച്ചൽ സ്റ്റാർക്കിനു നേരേ ഹർഷിത് റാണ ബൗൺസറെറിഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. ഞാൻ നിന്നെക്കാളും സ്പീഡിൽ പന്തെറിയും. എനിക്ക് നല്ല ഓർമ്മശക്തിയാണ് ഹർഷിതിന്റെ ബൗൺസർ ലീവ് ചെയ്ത സ്റ്റാർക് ചിരിയോടെ പറഞ്ഞു. തുടർന്ന് ഹർഷിത് മിഡിലിൽ പിച്ച് ചെയ്ത പന്ത് ഉദ്ദേശിച്ചതു പോലെ ബൗൺസ് ചെയ്യാതിരുന്നതിനെ തുടർന്ന് സ്റ്റാർക്കിന്റെ ഹെൽമെറ്റിൽ കൊണ്ടു. എത്ര ബൗൺസറുണ്ട് നിന്റെ കയ്യിൽ എന്നായിരുന്നു സ്റ്റാർക്കിന്റെ അടുത്ത ചോദ്യം. തുടർന്ന് ഹർഷിതിന്റെ പന്തിൽ തന്നെ സ്റ്റാർക്ക് പുറത്താവുകയും ചെയ്തു.
ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോൾ ഈ സംഭവത്തിന്റെ തുടർച്ചയുണ്ടായി. ഓസ്ട്രേലിയൻ പേസ് അറ്റാക്ക് കിണഞ്ഞ് ശ്രമിച്ചിട്ടും ഇന്ത്യൻ ഓപ്പണർമാരായ ജയ്സ്വാളിനേയും രാഹുലിനേയും പുറത്താക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സ്റ്റാർക്കിന്റെ പന്ത് ജെയ്‌സ്വാൾ ബൗണ്ടറി കടത്തുകയും ചെയ്തു. തുടർന്ന് ജെയ്സ്വാളിനെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച സ്റ്റാർക്കിനെ ജെയ്സ്വാൾ ട്രോളുകയായിരുന്നു. താങ്കളുടെ പന്തുകൾ വളരെ പതുക്കെയാണ് വരുന്നതെന്നായിരുന്നു തുറിച്ചു നോക്കിയ സ്റ്റാർക്കിന് ജെയ്‌സ്വാൾ മറുപടി നൽകിയത്.
https://x.com/StarSportsIndia/status/1860226731036279216
സ്ലെഡ്ജിംഗും തുറിച്ചു നോട്ടവുമൊക്കെ കൊണ്ട് ഇന്ത്യയെ പരുങ്ങലിലാക്കുന്ന ഒരു കാലമുണ്ടായിരുന്നു ഓസീസിന്. എന്നാൽ ഇപ്പോൾ കാലം മാറി. ഇത് പുതിയ ഇന്ത്യയാണ്. പുതിയ പയ്യന്മാർ പോലും ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കും എന്നൊക്കെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്ന അഭിപ്രായങ്ങൾ.
Discussion about this post