മുംബൈ : 2014 ലെ മോദി തരംഗത്തിൽ പോലും നേടാൻ സാധിക്കാതിരുന്ന വിജയം. അതും മാസങ്ങൾക്ക് മുൻപ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു ശേഷം. മഹാരാഷ്ട്രയിലെ ബിജെപി സഖ്യത്തിന്റെ വിജയത്തെ അമ്പരപ്പോടെയാണ് നിരീക്ഷകർ കാണുന്നത്. തൂക്കു സഭയോ നേരിയ മുൻതൂക്കമോ ഉള്ള ഒരു വിധിയായിരിക്കും മഹാരാഷ്ട്രയിൽ സംഭവിക്കുക എന്നായിരുന്നു മിക്ക നിരീക്ഷകരും കരുതിയിരുന്നത്. എന്നാൽ അതിനെയെല്ലാം മറികടന്ന് വൻ വിജയം നേടാൻ മഹായുതിയെ പ്രാപ്തമാക്കിയതിനു പിന്നിൽ ഒരേയൊരു സംഘടനയുടെ പേരാണ് കേൾക്കുന്നത്. ആർ.എസ്.എസ്. മഹാരാഷ്ട്രയിലെ വിജയത്തിന്റെ ചാലക ശക്തി.
ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ ന്യൂനതകൾ പരിഹരിച്ച് ആസൂത്രണമികവോടെ ഒരു പൂർണതോതിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് സംഘം ലക്ഷ്യമിട്ടത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ മുഴുവൻ ആസൂത്രണവും ഏറ്റെടുത്ത ആർ.എസ്.എസ് സഹസർകാര്യവാഹിൽ ഒരാളായ അതുൽ ലിമായെ ആണ് ഉത്തരവാദിത്വം എൽപ്പിച്ചത്. ആർ.എസ്.എസ് പ്രചാർ വിഭാഗിന്റെ വലിയ സമ്മേളനമാണ് സംഘം ആദ്യം വിളിച്ചു കൂട്ടിയത്. സംസ്ഥാനത്തെങ്ങും ആർ.എസ്.എസുകാർ പൂർണമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങി. തങ്ങളുടെ എല്ലാ സംഘടന ശക്തിയുമെടുത്ത് സമഗ്രമായ പ്രവർത്തനത്തിനാണ് ആർ.എസ്.എസ് ഊന്നൽ കൊടുത്തത്.
കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര പൊളിറ്റിക്സിലെ അതികായനുമായ നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ബിജെപിയും പ്രത്യക്ഷത്തിലും ആർ.എസ്.എസ് മെഷീനറി പിന്നണിയിലും ഉറച്ച് നിന്ന് പോരാട്ടം നടത്തി. സംഘത്തിന്റെ എല്ലാ പരിവാർ സംഘടനകളും സംയുക്തമായി പ്രവർത്തനം ആരംഭിച്ചതോടെ ഗ്രാമങ്ങളിലും നഗരങ്ങളിലും മുക്കിലും മൂലയിലും വരെ ആർ.എസ്.എസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെത്തി.
ജാതി അടിസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളെ ധർമ്മയുദ്ധമെന്ന പ്രഖ്യാപനം കൊണ്ടാണ് സംഘപരിവാർ നേരിട്ടത്. മുസ്ലിം പേഴ്സണൽ ലോ ബോർഡ് അംഗം സജ്ജാദ് നോമാനിയുടെ വോട്ട് ജിഹാദും തിരഞ്ഞെടുപ്പിൽ ചർച്ചയായി. യോഗി ആദിത്യനാഥിന്റെ ഒന്നിച്ച് നിന്നാൽ മുന്നോട്ട് പോകാമെന്ന് അർത്ഥം വരുന്ന മുദ്രാവാക്യവും മഹാരാഷ്ട്രയിൽ ക്ലിക്കായി.
വളരെ നിശ്ശബ്ദമായും അപ്രത്യക്ഷമായും നടന്ന ആർ.എസ്.എസ് പ്രവർത്തനം തിരിച്ചറിയാൻ കോൺഗ്രസിനോ സഖ്യകക്ഷികൾക്കോ കഴിഞ്ഞില്ല. ഹിന്ദു ഉത്സവങ്ങളും മറ്റ് ആഘോഷങ്ങളും വലിയതോതിൽ സംഘടിപ്പിക്കപ്പെട്ടു. കുടുംബയോഗങ്ങളും സാമുദായിക സമ്മേളനങ്ങളും നടന്നു. 1977 ലോ 2014 ലോ നടന്നതിനപ്പുറമായിരുന്നു ആസൂത്രണവും പ്രവർത്തനവും. ഒബിസി നേതാക്കന്മാരുമായുള്ള ചർച്ചകളും തകൃതിയായി നടന്നു. ബിജെപി മാത്രമാണ് എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം നൽകുന്നതെന്ന് ചർച്ചകളിൽ വ്യക്തമാക്കി. കോളേജുകളിലും കോളനികളിലും എല്ലായിടത്തുമെത്തി വോട്ട് ചെയ്യാൻ പ്രേരണ ചെലുത്തി. പരമാവധി വോട്ടുകൾ പെട്ടിയിലെത്തിച്ചു.
പോളിംഗ് ദിനത്തിൽ വോട്ടെടുപ്പ് അവസാനിച്ചതിനു ശേഷം ദേവേന്ദ്ര ഫഡ്നാവിസ് നാഗപൂർ ആർ.എസ്.എസ് ആസ്ഥാനത്ത് എത്തി സർസംഘചാലകിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. അന്ന് തന്നെ നിരീക്ഷകർ ആർ.എസ്.എസിന്റെ സമഗ്ര ഇടപെടലിനെപ്പറ്റി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എന്തായാലും ഈ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സമഗ്രമായ ആസൂത്രണമാണ് ഇത്ര വലിയൊരു വിജയം നേടാൻ മഹായുതി സഖ്യത്തെ പ്രാപ്തമാക്കിയതെന്നതിൽ ആർക്കും സംശയമില്ല.
Discussion about this post