അമരൻ സിനിമ വിജയത്തിളക്കത്തിൽ . റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം . തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ നേടിയിരിക്കുന്നത് 100 കോടിയിലധികമാണ്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ വച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘സ്‌മോൾ സ്‌ക്രീൻസ് ടു ബിഗ് ഡ്രീംസ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശിവകാർത്തികേയൻ.
എന്റെ അച്ഛന്റെ മരണശേഷം വിഷാദത്തിലേക്ക് വഴുതിവീണ ഒരു കാലമുണ്ടായിരുന്നു എനിക്ക്. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ, ജോലിയാണ് അതിൽ നിന്ന് രക്ഷയേകിയത്. സദസിൽ നിന്ന് വരുന്ന കരഘോഷമായിരുന്നു എന്റെ ചികിത്സ. ആരാധകർ നൽകിയ സ്‌നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ഇരുണ്ട കാലത്ത് നിന്ന് പുറത്തെത്തിച്ചത്.
വെല്ലുവിളികൾ നിറഞ്ഞതാണ് ജീവിതം. എന്നാൽ, നമ്മുടെ പാഷൻ ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്നു. ഇവയെല്ലാം ഉപേക്ഷിക്കാൻ ചില സമയങ്ങളിൽ തോന്നിയിരുന്നു. എന്നാൽ, പ്രേക്ഷകരുടെ സ്‌നേഹം എന്നെ മുന്നോട്ട് നയിച്ചു.’- ശിവകാർത്തികേയൻ പറഞ്ഞു.
രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ കൂടിയാണിത്. നിലവിൽ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് അമരൻ.
ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ചിത്രമാണ് അമരൻ. ഈ വേഷത്തിൽ ആണ് ശിവ കാർത്തികേയൻ എത്തിയത്. മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഈ വേഷത്തിൽ എത്തിയത് സായ് പല്ലവി ആയിരുന്നു.
Discussion about this post