പെർത്ത് : ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ടെസ്റ്റിൽ ഓസ്രേ് ലിയ പതറുന്നു. 534 റൺസിന്റെ കൂറ്റൻ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്. 3 റൺസോടെ ഉസ്മാൻ ഖവേജയാണ് ക്രീസിൽ. 3 റൺസെടുത്ത ലബുഷാനെയേയും റണ്ണൊന്നുമെടുക്കാത്ത നാഥൻ മക്സീനിയേയും ബൂമ്ര പുറത്താക്കിയപ്പോൾ പാറ്റ് കമ്മിൻസിന്റെ വിക്കറ്റ് മുഹമ്മദ് സിറാജിനാണ്.
നേരത്തെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 172 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്സ്വാളും വിരാട് കോഹ്ലിയും സെഞ്ച്വറി നേടി. കെ.എൽ രാഹുൽ 77 റൺസ് നേടിയപ്പോൾ നിതീഷ് കുമാർ റെഡ്ഡി 38 ഉം വാഷിംഗ്ടൺ സുന്ദർ 29 റൺസ് നേടി. ദേവ്ദത്ത് പടിക്കൽ 25 റൺസെടുത്തു. വിരാട് കോഹ്ലി സെഞ്ച്വറി പൂർത്തിയാക്കിയതോടെ 6 വിക്കറ്റിന് 487 റൺസ് എന്ന നിലയിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. കോഹ്‌ലി 100 റൺസുമായി പുറത്താകാതെ നിന്നു. ജെയ്‌സ്വാൾ 161 റൺസെടുത്തു. മിന്നൽ വേഗത്തിൽ ബാറ്റ് വീശിയ നിതിഷ് റെഡ്ഡി 38 റൺസും നേടി.
ഹേസൽവുഡ് ഒഴിച്ച് ഒരു ബൗളറിനു പോലും ഇന്ത്യൻ ബാറ്റർമാരെ പ്രതിരോധിക്കാനായില്ല. സ്റ്റാർക് 111 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. നാഥൻ ലിയോൺ 96 റൺസ് വഴങ്ങി 2 വിക്കറ്റുകളാണ് വീഴ്ത്തിയത്.
കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഇന്ത്യ പ്രഹരമേൽപ്പിച്ചു. ബൂമ്രയുടെ നാലാമത്തെ പന്തിൽ ഓപ്പണർ നാഥൻ മക്സീനി സ്കോർ ബോർഡ് തുറക്കുന്നതിനു മുൻപ് വിക്കറ്റിനു മുന്നിൽ കുടുങ്ങി. തുടർന്ന് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ പാറ്റ് കമ്മിൻസിനും പിടിച്ച് നിൽക്കാനായില്ല. മുഹമ്മദ് സിറാജിന്റെ പന്തിൽ വിരാട് കോഹ്‌ലിക്ക് പിടികൊടുത്ത് കമ്മിൻസ് നിരാശനായി മടങ്ങി. മൂന്നാം ദിനം അവസാനിക്കാൻ ഏതാനും പന്തുകൾ മാത്രം അവശേഷിക്കെ ലബുഷാനെയും വീണു. ബൂമ്രയുടെ പന്തിൽ സ്ട്രോക്കിനു ശ്രമിക്കാതെ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച ലബുഷാനെ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. രണ്ടു ദിവസത്തെ കളി ബാക്കി നിൽക്കെ ടെസ്റ്റ് രക്ഷിച്ചെടുക്കാൻ ഓസീസ് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
Discussion about this post