പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻ. അഭിമാന നിമിഷം എന്ന കുറിപ്പോടെ മമ്മുട്ടിക്ക് പൂച്ചെണ്ട് നൽകി കൊണ്ടുള്ള ചിത്രമാണ് എയർലൈൻ പങ്കുവച്ചിരിക്കുന്നത്.
പകരം വെയ്ക്കാനില്ലാത്ത പ്രതിഭാധനനും അതുല്യ കലാകാരനുമായ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് സ്വാഗതം.അഭിനേതാവായും സിനിമ നിർമാതാവായും ഇന്ത്യൻ സിനിമയിൽ പ്രത്യേകിച്ച് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടൻ ശ്രീലങ്കൻ എയർലൈൻസിനൊപ്പം. താങ്ങൾ ഞങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിൽ അഭിമാനിക്കുന്നു. ഇങ്ങനെ കുറിച്ച് കൊണ്ടാണ് മലയാളത്തിന്റെ മഹാ നടനെ സ്വീകരിക്കുന്ന ചിത്രം ശ്രീലങ്കൻ എയർലൈൻസ് പങ്കുവച്ചിരിക്കുന്നത്.
മോഹൻലാലും മമ്മൂട്ടിയും ഏറെ കാലങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരുമാണ് ചിത്രം നിർമിക്കുന്നത്. ഈ ചിത്രം മലയാള സിനിമാ ഇൻഡസ്ട്രിയിൽ ഒരു ചരിത്രമായിരിക്കുമെന്നാണ് എല്ലാവരുടെയും അഭിപ്രായം . കുഞ്ചാക്കോ ബോബൻ, നയൻതാര, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ രേവതി ദർശന രാജേന്ദ്രൻ സെറീൻ ഷീഹാബ് എന്നീ താര നിരകളാണ് സിനിമയിൽ അഭിനയിക്കുന്നത്. മലയാളത്തിൻറെ ഡ്രീം പ്രോജക്ടിൻറെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേരുന്നുണ്ട്.
Discussion about this post