വീണ്ടുമൊരു മണ്ഡലകാലം വന്നെത്തിയിരിക്കുകയാണ്. ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്തിനായി വ്രതശുദ്ധിയോടെ അയ്യപ്പൻമാർ മലചവിട്ടുന്ന നാളുകൾ. ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെതാണ്. മനസ്സും ശരീരവും എപ്പോഴും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയിൽ പ്രധാനം ബ്രഹ്‌മചര്യമാണ്. മാലയിട്ടാൽ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ലെന്നാണ്. ലഹരിവസ്തുക്കൾ ഉപയോഗിക്കരുത്.മത്സ്യവും മാംസവും ഭക്ഷിക്കാൻ പാടില്ല.പഴയ ഭക്ഷണം കഴിക്കാൻ പാടില്ല. ശവസംസ്‌കാര കർമ്മത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. പങ്കെടുത്താൽ അടുത്ത മണ്ഡലകാലം വരെ വ്രതമെടുത്ത് ശബരി മലയ്ക്ക് പോകണം. പകലുറങ്ങരുത് എന്നിങ്ങനെ പല കാര്യങ്ങൾ അനുഷ്ടിക്കേണ്ടതായിട്ടുണ്ട്.
ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന പലരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ് രക്തബന്ധത്തിൽപ്പെട്ടവര് മരിച്ചാൽ ഒരു വർഷത്തിനകം മലയ്ക്ക് പോകാമോ ഇല്ലയോ എന്നത്? പണ്ട് കാലത്താണെങ്കിൽ മാതാപിതാക്കളോ മറ്റോ മരണപ്പെട്ടു കഴിഞ്ഞാൽ പിണ്ഡം മുതലായ ക്രിയകൾ കഴിഞ്ഞാലും സംവത്സര ശ്രാദ്ധം കഴിയും വരെ ദീക്ഷയെടുത്ത് പിതൃപൂജ നടത്തി വൈതരണീ നദി കടത്തിവിട്ട് സ്വർഗത്തിലെത്തിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. അങ്ങനെ ദീക്ഷയെടുത്തയാൾ പിതൃപൂജ ചെയ്തിരുന്നു. ഇത് ഒരുവർഷം നീണ്ടിനിൽക്കുന്നതായതിനാൽ ഒരു പൂജ തുടങ്ങി അത് അവസാനിക്കും മുമ്പ് അല്ലെങ്കിൽ അതിനിടെ വേറൊന്നും ചെയ്യാറില്ലായിരുന്നു.അതിനാൽ ആ വർഷം മലയ്ക്കു പോവുക സാധ്യമായിരുന്നില്ല. എന്നാൽ ഇന്ന് അത്തരം പിതൃക്രിയകൾ ചുരുങ്ങി വന്ന് പിണ്ഡം വരെയായിരിക്കുന്നു. അതിനാൽ പുലകഴിഞ്ഞയുടനെ തന്നെ നമുക്ക് ആരാധനയും അനുഷ്ഠാനങ്ങളും തുടരാമത്രേ.
മുൻപെല്ലാം വീടുകളിൽ ഒരുവർഷം വരെ അസ്ഥിവച്ച് വിളക്കു തെളിയിച്ചിട്ടേ നിമജ്ജനം ചെയ്യാറുള്ളൂയ അതിനാൽ അന്നെല്ലാവരും ഒരുവർഷം കഴിഞ്ഞേ ക്ഷേത്രത്തിൽ പോകാറുണ്ടായിരുന്നുള്ളൂ. എന്നാലിന്ന് അസ്ഥി മരണം കഴിഞ്ഞ് 16 ന് നിമജ്ജനം ചെയ്യുന്നു. ഒരാൾ ഒരുവർഷം വരെ പിതൃപൂജ ചെയ്യുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ പോകുന്നതിന് തടസ്സമില്ല. 16 ന് പുല വീടികഴിഞ്ഞ് അമ്പലത്തിൽ നിന്നും പുണ്യാഹം വാങ്ങി വീട്ടിലും കിണറ്റിലും തളിച്ച് ശുദ്ധിയായ ശേഷം ക്ഷേത്രത്തിൽ പോകാവുന്നതാണ്. പുല വാലായ്മകൾ കഴിഞ്ഞാൽ ഇന്ന് മറ്റ് ക്ഷേത്രങ്ങളിലെല്ലാം പോകുന്നത് പോലെ തന്നെ ശബരിമലയ്ക്കും പോകാം.
Discussion about this post