കൊച്ചി: സംസ്ഥാനത്തെ 2,023 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം ഇനി ലഭ്യമാകും . കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന കെ-വൈഫൈ പദ്ധതി പ്രകാരമാണ് ഇത്. എറണാകുളം ജില്ലയിലെ 221 ലൊക്കേഷനുകളിലാണ് സൗജന്യ വൈഫൈ സേവനം ലഭ്യമാകുന്നത്.
എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ലഭിക്കും. ബസ് സ്റ്റാൻഡുകൾ, ജില്ലാ ഭരണകേന്ദ്രങ്ങൾ, പഞ്ചായത്തുകൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, സർക്കാർ ആശുപത്രികൾ, കോടതികൾ, ജനസേവന കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ഭരണകൂടം തിരഞ്ഞെടുത്ത ഇടങ്ങളിൽ ആണ് വൈഫൈ സംവിധാനം നടപ്പാക്കുന്നത്. സേവന ദാതാവായ ബി എസ് എൻ എൽ -ന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തീരദേശ മേഖലയിലും സേവനം ലഭിക്കും.
പൊതു ജനങ്ങൾക്ക് മൊബൈലിലും ലാപ് ടോപ്പിലും സൗജന്യമായി ദിവസേന ഒരു ജിബി വരെ 10 എംബിപിഎസ് വേഗതയോടു കൂടി ഉപയോഗിക്കാം. ഈ പരിധി കഴിഞ്ഞാൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ റീചാർജ് കൂപ്പൺ /വൗച്ചർ ഉപയോഗിച്ച് വൈ -ഫൈ സേവനം തുടർന്നും ഉപയോഗിക്കാം. എന്നാൽ 1 ജിബി ഡാറ്റാ പരിധി കഴിഞ്ഞാലും സർക്കാർ സേവനങ്ങൾ പരിധിയില്ലാതെ സൗജന്യമായി തന്നെ ലഭിക്കും.
കേരള വൈഫൈ കണക്ഷൻ’ ലഭിക്കുന്നതിനായി കേരള ഗവണ്മെന്റ് വൈഫൈ സെലക്ട് ചെയ്തതിനു ശേഷം കെ ഫൈ എന്ന് സെലക്ട് ചെയ്യുമ്പോൾ ലാൻഡിങ്ങ് പേജിൽ മൊബൈൽ നമ്പർ കൊടുത്ത് ഒടിപി ജനറേറ്റ് ചെയ്യുകയാണ് വേണ്ടത്. ഈ ഒടിപി നൽകുന്നതോടെ 1 ജിബി സൗജന്യ വൈഫൈ ലഭിക്കും. എറണാകുളം ജില്ലയിൽ മാത്രം 221 ലൊക്കേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും.
Discussion about this post