ലണ്ടൻ; ഭൂമിയുടെ കാന്തിക ധ്രുവങ്ങളുടെ ചലനവേഗത അപകടകരമായ തോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനം. വേഗത ഇതേ രീതിയിൽ തുടർന്നാൽ അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം 660 കിലോമീറ്റർ കൂടി നീങ്ങും. കാന്തിക ഉത്തരധ്രുവം കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ ഇതിനകം നീങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
കാന്തിക ഉത്തരധ്രുവം കാനഡയുടെ ഭാഗത്ത് നിന്ന് മാറി സൈബീരിയക്കും റഷ്യയ്ക്കും നേരെയാണ് ഇപ്പോൾ നീങ്ങുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ഇരുമ്പിന്റെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ഭൂമിക്കുള്ളിൽ 1,800 മൈൽ താഴെയാണിത്. ഇവിടെ ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്.ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവത്തിൽ നിന്ന് വ്യത്യസ്തമായി, കാന്തിക ഉത്തരധ്രുവം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നാൽ അടുത്തിടെ ഈ ചലനങ്ങളുടെ വേഗം വർധിച്ചിരിക്കുന്നു.
1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു. ഇത് ജിപിഎസ് സിഗ്നലുകളെ അടക്കം ബാധിച്ചേക്കാമെന്നാണ് പറയുന്നത്.നാവിഗേഷൻ സർവീസായ ജിപിഎസിന്റെ കൃത്യത നഷ്ടപ്പെട്ടാൽ നിരവധി വ്യക്തികളുടെയും തന്ത്രപ്രധാന കാര്യങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്ക് സാരമായി പ്രശ്നം വരാമെന്നാണ് വിലയിരുത്തൽ.
സാധാരണക്കാരന്റെ ജീവിതം മുതൽ മുങ്ങിക്കപ്പലുകളുടെയും വിമാനങ്ങളുടെയും നീക്കം വരെ പ്രശ്നത്തിലാകാം
2016ൽ തെക്കേ അമേരിക്കയിൽ ഭൂമിക്കു താഴെ ഒരു പ്രത്യേകതരം ‘ജിയോമാഗ്‌നറ്റിക് പൾസിന്റെ’ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇതാണോ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജിയോമാഗ്‌നറ്റിക് റിവേഴ്‌സൽ’ എന്ന പ്രതിഭാസത്തിലൂടെ ഭൂമി പലപ്പോഴും കടന്നുപോയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. 7.81 ലക്ഷം വർഷം മുൻപാണ് ഇത് അവസാനമായി സംഭവിച്ചത്. എന്നാൽ ഇക്കഴിഞ്ഞ 20 ദശലക്ഷം വർഷത്തിനിടെ ഓരോ 20,000-30,000 വർഷം കഴിയുമ്പോഴും ‘ജിയോമാഗ്‌നറ്റിക് റിവേഴ്‌സൽ’ സംഭവിക്കുന്നുണ്ടെന്നാണു ഗവേഷകർ പറയുന്നത്
Discussion about this post