കൊച്ചി; കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ വീണ്ടും രോഗബാധ. 27 പേർക്ക് പനിയും ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തു. ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരായ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ തൃക്കാക്കര നഗരസഭയും ആരോഗ്യവകുപ്പും ഫ്‌ളാറ്റിൽ ആരോഗ്യ സർവ്വേ ആരംഭിച്ചു. ഫ്‌ളാറ്റിലെ കുടിവെള്ള സാംപിളുകൾ ആരോഗ്യവിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിലും ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ കുടിവെള്ളത്തിൽനിന്ന് രോഗബാധയുണ്ടായി കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. വീണ്ടും ഇതേ ഫ്‌ളാറ്റിൽ ആളുകൾക്ക് കൂട്ടമായി രോഗം ബാധിക്കുന്നത് വലിയ ചർച്ചയാവുന്നുണ്ട്. ഫ്‌ളാറ്റിലേക്ക് എത്തിക്കുന്ന വെള്ളത്തിൽ നിന്നാണോ രോഗം പകരുന്നത് അതോ പൈപ്പ് കണക്ഷനിൽ നിന്നാണോ എന്ന കാര്യത്തിൽ മാസങ്ങളായിട്ടും വ്യക്തതയില്ല. വീണ്ടും രോഗം പടർന്നപ്പോഴും കൈ മലർത്തുകയാണ് അധികൃതർ.
ഇത്തവണ രോഗം ബാധിച്ചപ്പോൾ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അസുഖബാധിതരിൽ ചിലർ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അറിയിച്ചപ്പോഴാണ് കൂട്ട രോഗബാധയാണെന്ന് വ്യക്തമാകുന്നത്. 15 ടവറുകളിലായി 4500 ഓളം താമസക്കാരാണ് ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉള്ളത്. ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസ്സുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമസ്റ്റിക് ടാപ്പുകൾ, കിണറുകൾ തുടങ്ങിയവയിൽ നിന്ന് ശേഖരിച്ച സാംപിളുകളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ ജൂണിൽ കുടിവെള്ളം പരിശോധിച്ചപ്പോൾ ഇ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇത്തവണ പരിശോധിച്ചപ്പോഴും അസുഖബാധിതനായ ഒരാളുടെ ഫ്‌ളാറ്റിലെ വെള്ളത്തിലും അ കോളി സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ വെള്ളത്തിന്റെ പ്രശ്‌നം കാരണമല്ല രോഗബാധയുണ്ടായതെന്നാണ് ഫ്‌ളാറ്റ് അസോസിയേഷൻ നഗരസഭയെ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ അന്ന് താമസക്കാരും രംഗത്തെത്തിയിരുന്നു.ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്നുമാണ് താമസക്കാർ പ്രതികരിച്ചത്. അന്ന് സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ആ വാക്കും പാഴായി പോയ അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തിന്റെ ഉറവിടം പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും ആ നിർദ്ദേശവും എങ്ങും എത്തിയില്ല.
Discussion about this post