പെർത്ത്: ബോർഡർ -ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 534 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ ചെറുത്ത് നിൽപ്പ് 238 റൺസി ൽ അവസാനിച്ചു. പെർത്തിൽ ഓസ്ട്രേലിയക്കെതിരെ രണ്ടാമത്തെ ടെസ്റ്റ് വിജയമാണിത്.
നാലാം ദിനം മൂന്ന് വിക്കറ്റിന് 12 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് സ്കോർ 17 ൽ എത്തിയപ്പോൾ പ്രഹരമേറ്റു. ഓപ്പണർ ഉസ്മാൻ ഖവേജയെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. സിറാജിന്റെ ഷോർട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു ഖവേജയുടെ പുറത്താകൽ. ട്രാവിസ് ഹീഡും സ്റ്റീവ് സ്മിത്തും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സിറാജ് വീണ്ടും ഓസീസിന് പ്രഹരമേൽപ്പിച്ചു. 17 റൺസെടുത്ത സ്റ്റീവ് സ്മിത്ത് ഋഷഭ് പന്തിന്റെ കൈകളിൽ അവസാനിച്ചു. സ്കോർ അഞ്ചിന് 79.
ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായിരുന്നു പിന്നീട് ഉണ്ടായത്. ഹീഡിനൊപ്പം മിച്ചൽ മാർഷ് ചേർന്നതോടെ സ്കോർ ബോർഡ് വേഗത്തിൽ ചലിച്ചു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകുമ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്ടന്റെ ഇടപെടൽ. ബൂമ്രയുടെ ഒന്നാന്തരമൊരു പന്തിൽ ബാറ്റ് വെച്ച ഹീഡ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ സുരക്ഷിതമായ കരങ്ങളിലെത്തി. എട്ട് ബൗണ്ടറികളോടെ 89 റൺസായിരുന്നു ഹീഡിന്റെ സമ്പാദ്യം..
വിജയം മണത്ത ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചതോടെ മാർഷും വീണു. നിതീഷ് കുമാർ റെഡ്ഡിയുടെ പന്ത് വിക്കറ്റിലേക്ക് അടിച്ചിട്ട് 47 റൺസെടുത്ത മാർഷ് പുറത്തായി. മിച്ചൽ സ്റ്റാർക്കിനേയും നാഥൻ ലിയോണിനേയും വാഷിംഗ് ടൺ സുന്ദർ പുറത്താക്കിയപ്പോൾ ചെറുത്ത് നിന്ന അലക്സ് കാരി ഹർഷിത് റാണയുടെ പന്തിൽ ബൗൾഡായി. അങ്ങനെ പെർത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പരയിൽ 1-0 ന്റെ ലീഡ് നേടി. രണ്ടിന്നിംഗ്സിലും കൂടി ഓസ്ട്രേലിയൻ മുന്നേറ്റ നിരയെ തകർത്ത് 8 വിക്കറ്റുകൾ സ്വന്തമാക്കിയ ജസ്പ്രീത് ബൂമ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Discussion about this post