എറണാകുളം: ഇടത് നേതാവ് ഇ.പി ജയരാജന്റെ അത്മകഥയുടെ ശകലങ്ങൾ പുറത്തുവന്ന സംഭവത്തിൽ ഡിസി ബുക്‌സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു. ഇപിയുടെ ആത്മകഥയുടെ പ്രസിദ്ധീകരണ ചുമതല അദ്ദേഹത്തിനായിരുന്നു ഉണ്ടായിരുന്നത്. നടപടി ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി. വൈകീട്ടോടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട വിവരം ഡി.സി ബുക്‌സ് പുറപ്പെടുവിച്ചത്.
സംഭവത്തിൽ രവി. ഡിസിയുടെ മൊഴി പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നടപടി. ആത്മകഥ പുറത്തിറക്കുന്നതിനായി ഇപിയുമായി കരാർ ഉണ്ടായിരുന്നില്ല. എന്നാൽ ധാരണ ഉണ്ടായിരുന്നുവെന്നാണ് രവിയുടെ മൊഴി. നടപടി ക്രമങ്ങൾ പാലിച്ച് മാത്രമേ ഡി.സി ബുക്‌സ് പുസ്തകം പുറത്തിറക്കാറുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോട്ടയം ഡിവൈഎസ്പി ആയിരുന്നു മൊഴി രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം നേരം മൊഴിയെടുക്കുന്നത് തുടർന്നു.
ഡി.സി ബുക്സുമായി കരാറിൽ ഏർപ്പെട്ടിട്ടില്ലെന്ന് പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇ.പി പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് രവിയുടെ മൊഴി. ഈ സാഹചര്യത്തിലാണ് പബ്ലിക്കേഷൻസ് മേധാവിയെ സസ്പെൻഡ് ചെയ്തത്.
ഈ മാസം 13 ന് ആയിരുന്നു ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങൾ പുറത്തുവന്നത്. ഡി.സി ബുക്സിനെ ഉദ്ദരിച്ചുകൊണ്ട് പ്രമുഖ ദേശീയ മാദ്ധ്യമം ആയിരുന്നു വിവരങ്ങൾ പുറത്തുവിട്ടത്. ഇടത് സർക്കാരിനും പി. സിരിനുമെതിരെ ഗുരുതര പരാമർശങ്ങൾ ഈ ഭാഗത്തിൽ ഉണ്ടായിരുന്നു. ഇതാണ് വലിയ വിവാദത്തിലേക്ക് നയിച്ചത്.
Discussion about this post