എറണാകുളം: തായ്‌ലൻഡ് യാത്രയ്ക്കിടെ വിമാനത്താവളത്തിൽവച്ച് സിഐഎസ്എഫ് ഓഫീസറോട് ക്ഷുഭിതയായതിന്റെ കാരണം വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. സ്വന്തം ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. താൻ ഈ ഇടെയായി വലിയ മാനസിക പ്രശ്‌നങ്ങളിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് നടി പറയുന്നത്.
അടുത്തിടെ താരം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ഇതിന്റെ അനന്തരഫലമായിട്ടാണ് തന്റെ ഈ സ്വഭാവം എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഓവറിയും ഗർഭപാത്രവും നീക്കം ചെയ്യുന്ന സർജറിയ്ക്ക് ആയിരുന്നു മഞ്ജു വിധേയയായത്. ഈ ആരോഗ്യപ്രശ്‌നങ്ങൾ മറികടക്കാൻ തുടർ ചികിത്സ ആവശ്യമായി വേണമെന്നാണ് കരുതുന്നത് എന്നും നടി വിശദമാക്കുന്നു.
തായ്‌ലൻഡിൽ നിന്നും തിരിച്ചുവരുന്നതിനിടെ ആയിരുന്നു സിഐഎസ്എഫ് ഓഫീസറുമായി തർക്കം ഉണ്ടായത്. അവിടെ നിന്നും ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. അവർ അത് സിപ്‌ലോക്ക് ഉള്ള കവറിൽ അല്ല തന്നത്. അത് അവരുടെ ഭാഗത്തുള്ള പിഴവാണ്. ഈ കുപ്പി ഷോൾർ ബാഗിൽവച്ചു. ഈ കുപ്പി കൊണ്ടുപോകാൻ പറ്റില്ലെന്ന് സിഐഎസ്എഫ് ഓഫീസർ പറഞ്ഞു. ഇതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.
ആ ഓഫീസർ വളരെ കൂളായിട്ട് ആയിരുന്നു എന്നോട് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ഞാൻ ദേഷ്യപ്പെട്ടു. കൂടെയുണ്ടായിരുന്ന സിമി എന്തിനാണ് ബഹളംവയ്ക്കുന്നത് എന്ന് ചോദിച്ചു. പ്രശ്‌നം പരിഹരിച്ച് വിമാനത്തിൽ കയറിയ എന്നോട് ‘ നീ വളരെ ബോറാകുന്നുണ്ടെന്ന് ‘ പറഞ്ഞു. അപ്പോഴാണ് മാറ്റത്തെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കാൻ ആരംഭിച്ചത്.
ഓവറിയും യൂട്രസും നീക്കം ചെയ്തുള്ള സർജറിയ്ക്ക് പിന്നാലെ വലിയ മാനസിക പ്രശ്‌നങ്ങൾ ആയിരുന്നു അനുഭവിക്കേണ്ടിവന്നത്. സർജറിയുടെ സമയത്ത് എന്റെ തലച്ചോറൊക്കെ പിരിപിരികൂടുന്ന അവസ്ഥയിൽ ആയിരുന്നു. ചൂടും വിയർപ്പും ഉണ്ട്. ഹോർമോൺ ചികിത്സ തുടങ്ങിയ ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും മഞ്ജു പത്രോസ് പറഞ്ഞു. മാനസികാവസ്ഥ ശരിയാകാൻ തുടർ ചികിത്സ ആവശ്യമാണെന്നും മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.
Discussion about this post