ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന തീവ്രവാദ സംഘടനകൾക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സുപ്രീം കോടതിയിൽ ഭരണഘടനാ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മോദി.
‘ജനാധിപത്യത്തിന്റെ ഈ നിർണായക ഉത്സവം നാം അനുസ്മരിക്കുന്ന വേളയിൽ, ഇന്ന് മുംബൈയിലെ ഭീകരാക്രമണത്തിന്റെ വാർഷികമാണെന്നത് മറക്കാനാവില്ല. ഈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് താൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന എല്ലാ ഭീകര സംഘടനകൾക്കും തക്കതായ മറുപടി നൽകുമെന്ന രാജ്യത്തിന്റെ ദൃഢനിശ്ചയം ഞാൻ ആവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഭരണഘടന ഒരു വക്കീലിന്റെ രേഖ മാത്രമല്ല, എല്ലാവർക്കും വഴികാട്ടുന്ന വെളിച്ചമാണ്. ഭരണഘടനയാണ് നമ്മുടെ വഴികാട്ടി, അത് നമുക്ക് ശരിയായ പാത കാണിച്ചുതരുന്നു. ജനാധിപത്യത്തിന് മുന്നിൽ ഉയർന്നുവന്ന വെല്ലുവിളിയെ നമ്മുടെ ഭരണഘടന നേരിട്ടു. ഇന്ന് ജമ്മു കാശ്മീരിൽ ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന പൂർണമായി നടപ്പിലാക്കുന്നത് ഭരണഘടനയുടെ ശക്തിയാണ്. ഇന്ന് ആദ്യമായി അവിടെ ഭരണഘടനാ ദിനം ആഘോഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post