തിരുവനന്തപുരം: കേരളത്തിന് അടിസ്ഥാനസൗകര്യവികസനത്തിനായി കൂടുതൽ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി മെട്രോ റെയിൽ പദ്ധതി എന്നിവയ്ക്കായാണ് സഹായം അനുവദിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുകയാണ് അനുവദിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2024 -2025 സാമ്പത്തിക വർഷത്തേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്
വികസന പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് പലിശ രഹിത വായ്പ വാഗ്ദാനം ചെയ്യുന്ന സംസ്ഥാന മൂലധന നിക്ഷേപ പദ്ധതിക്ക് (കാപ്എക്സ്) കീഴിലാണ് വായ്പ വരുന്നത്. ഇതൊരു സ്പെഷ്യൽ അസിസ്റ്റൻസ് പ്രകാരം നൽകുന്ന വായ്പയാണ്. വായ്പ 50 വർഷത്തേക്ക് പലിശ രഹിതമാണ്. അതേസമയം നടപ്പ് സാമ്പത്തിക വർഷം തന്നെ തുക പൂർണമായും വിനിയോഗിക്കേണ്ടതുണ്ട്
Discussion about this post