പുത്തൻപ്രതീക്ഷകളും പ്രത്യാശകളുമേകി വീണ്ടുമൊരു പുതുവർഷം എത്താൻ പോകുകയാണ്. ഇനി ഒരു മാസത്തെ കാത്തിരിപ്പിന്റെ ദൈർഘ്യം മാത്രമേ പുതുവർഷത്തിനായുള്ളൂ. ഈ വർഷത്തേക്കാൾ മികച്ചതാക്കണമെന്നും തെറ്റുകുറ്റങ്ങൾ മാറ്റണമെന്നുമുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും പുതുവർഷത്തെ വരവേൽക്കാൻ പോകുന്നത്.
പുതുവർഷത്തോട് അനുബന്ധിച്ച് സോഷ്യൽമീഡിയയിൽ ഒരു ട്രെൻഡ് വലിയ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ സിംഗിൾ ആയ, 2025 ൽ ഒരു പങ്കാളിയെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരെയാണ് ഈ ട്രെൻഡ് ലക്ഷ്യമിടുന്നത്. മുന്തിരി ട്രെൻഡാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
‘ലാസ് ഡോസ് ഉവാസ് ഡി ലാ സുർട്ടെ’ (പന്ത്രണ്ട് ഭാഗ്യ മുന്തിരി) എന്നാണ് ആചാരം അറിയപ്പെടുന്നത്.ന്യൂ ഇയർ തലേന്ന് ആർദ്ധരാത്രി മേശയുടെ അടിയിലിരുന്നു 12 മുന്തിരി കഴിക്കുന്നവർക്ക് വരുന്ന പുതിയ വർഷം സൗഭാഗ്യവും ഐശ്വര്യവും നല്ല പങ്കാളിയെയും കിട്ടുമെന്നാണ് പറയുന്നത്.
പച്ച മുന്തിരിയാണ് കൂടുതലായി ഇതിന് തിരഞ്ഞെടുക്കുന്നത്. കുരുവില്ലാത്ത മുന്തിരി ആണെങ്കിൽ വേഗത്തിൽ കഴിക്കാൻ കഴിയുമെന്നതാണ് ഇതിന് കാരണം. 12.1 ആകുന്നതിന് മുൻപ് 12 മുന്തിരി കഴിക്കാൻ പറ്റിയില്ലെങ്കിൽ അയാൾക്ക് ആ വർഷം ഭാഗ്യമില്ലാത്തതാകുമെന്നും കരുതുന്നു. മേശയുടെ അടിയിൽ ഇരിക്കുക മാത്രമല്ല. ഈ സമയത്ത് ഉള്ളിൽ ധരിക്കുന്ന വസ്ത്രം ചുവപ്പ് നിറവുമായിരിക്കണമെന്നും പറയപ്പെടുന്നു.
പുതുവത്സര ദിനത്തിൽ നടത്തുന്ന ഈ ആചാരം നിങ്ങൾക്ക് അടുത്ത വർഷം നല്ല ഒരു പങ്കാളിയെ നൽകുമെന്നാണ് പറയപ്പെടുന്നത്. ഈ ആചാരം തിന്മയെയും മന്ത്രവാദിനികളെയും അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
1895 മുതലുള്ളതാണ് ഈ പാരമ്പര്യം. 1900 കളിലാണ് അത് വലിയ രീതിയിൽ പ്രചരിച്ചത്. അക്കാലത്ത് ഒരു വൈൻ കർഷകൻ തന്റെ കൃഷിയിടത്തിലെ മുന്തിരി വിൽപ്പന പ്രോത്സാഹിപ്പിക്കാനായി ഈ ആചാരം പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
Discussion about this post