എറണാകുളം: നികുതി വെട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന. പറവ ഫിലിംസിന്റെ ഓഫീസ് ആയി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധന ആവശ്യമാണെന്നും, സൗബിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. ഇന്നലത്തെ അന്വേഷണത്തിന്റെ തുടർച്ചയായിട്ടാണ് വീണ്ടുമുള്ള പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
60 കോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനമയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതിന് പിന്നാലെ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു ആദ്യ പരിശോധന. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫീസ് എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടെ നടത്തിയ പരിശോധനയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുകയായിരുന്നു.
തിയറ്ററുകളിൽ വമ്പൻ വിജയം ആയ മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയ്ക്ക് 148 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതിൽ നിന്നും 44 കോടി നികുതിയായി അടയ്‌ക്കേണ്ടത് ആയിരുന്നു. എന്നാൽ ഇത് ചെയ്തില്ല. 32 കോടി രൂപ ചിലവും കാണിച്ചു. ഇത് കള്ളക്കണക്കാണെന്ന് ആദായ നികുതി വകുപ്പിന് വ്യക്തമായിട്ടുണ്ട്.
Discussion about this post