തിരുവനന്തപുരം: നടി ധന്യമേരി വർഗ്ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിലാണ് നടപടി. പേരൂർക്കടയിലും പട്ടത്തുമുള്ള സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇവയ്ക്ക് ഏകദേശം 1.56 കോടി രൂപയുടെ മൂല്യം വരുമെന്ന് ഇഡി അറിയിച്ചു.
2016 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഫ്‌ളാറ്റുകൾ നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് നടി പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തെന്നാണ് കേസ്. താരത്തിന് പുറമേ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് കമ്പനി ഡയറക്ടറും താരത്തിന്റെ ഭർത്താവുമായ ജോൺ ജേക്കബ്, ജോണിന്റെ സഹോദരൻ സാമുവൽ, കമ്പനി ചെയർമാൻ ആയ മുട്ടട ജേക്കബ് സാംസൺ എന്നിവരും പ്രതികളാണ്. പരാതിയിൽ 2016 ജേക്കബ് സാംസൺ അറസ്റ്റിലായിരുന്നു. ജോൺ ജേക്കബിനും സാമുവലിനും എതിരായ നിയമ നടപടികൾ ഇപ്പോഴും തുടർന്ന് വരികയാണ്. ഇതിനിടെയാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്.
2011 മുതൽ ആയിരുന്നു തട്ടിപ്പ്. നഗരത്തിലെ വിവിധ പ്രൊജക്ടുകളായി അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ട് വർഷം പൂർത്തിയാക്കി നൽകാമെന്ന് വാഗ്ദാനം നൽകി 100 കോടി രൂപ ആയിരുന്നു ഇവർ തട്ടിയെടുത്തത്. ഇതിന് പുറമേ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് 30 കോടിയോളം രൂപയും തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു.
Discussion about this post