എറണാകുളം: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അദ്ധ്യാപകന് കഠിനതടവും പിഴയും. പട്ടിമറ്റം കുമ്മനോട് തയ്യിൽ വീട്ടിൽ ഷറഫുദ്ദീനെ (27) ആണ് കോടതി ശിക്ഷിച്ചത്. 70 വർഷം കഠിന തടവും, 1,15000 രൂപ പിഴയുമാണ് ശിക്ഷ. പെരുമ്പാവൂർ അതിവേഗ പോക്‌സോ കോടതിയാണ് വിചാരണ അതിവേഗത്തിൽ പൂർത്തിയാക്കി പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.
2021 നവംബർ മുതൽ 2022 ഫെബ്രുവരിവരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ അദ്ധ്യാപികയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. സംഗതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഷറഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൗമാരക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുകയായിരുന്നു അദ്ധ്യാപിക. ഇതിനിടെ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപിക കുട്ടിയോട് കാര്യം അന്വേഷിച്ചു. അപ്പോഴാണ് കുട്ടിയെ മദ്രസ അദ്ധ്യാപകൻ നിരന്തരം പീഡനത്തിന് ഇരയാക്കുന്നതായി വ്യക്തമായത്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തു. മദ്രസയുടെ ടെറസിന്റെ മുകളിലും നിസ്‌കാര മുറിയിലും വച്ചായിരുന്നു പീഡനം എന്നാണ് കുട്ടിയുടെ മൊഴി. നിരവധി തവണ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.
Discussion about this post