ഹൈദരാബാദ്: വിവാഹത്തിന് നാളുകൾ ബാക്കി നിൽക്കേ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. കുടുംബത്തോടൊപ്പമാണ് താരം തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. അടുത്ത മാസം 11, 12 തിയതികളിലാണ് താരത്തിന്റെ വിവാഹം.
ഇന്ന് രാവിലെയോടെയായിരുന്നു താരം ക്ഷേത്രത്തിൽ എത്തിയത്. അമ്മ മേനക, അച്ഛൻ സുരേഷ് കുമാർ എന്നിവർക്കൊപ്പം താരത്തിന്റെ സഹോദരിയും ഉണ്ടായിരുന്നു. കീർത്തി ക്ഷേത്രത്തിലെ വിവിധ പൂജകളിൽ പങ്കെടുത്തു. വിവിധ വഴിപാടുകളും നടത്തിയ ശേഷമാണ് താരം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്. കീർത്തി സുരേഷ് അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം ബേബി ജോൺ അടുത്ത മാസമാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക. ഇതിന് മുന്നോടിയായി കൂടിയാണ് ക്ഷേത്ര ദർശനം.
തിരുപ്പതി ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിന് വേണ്ടിയാണ് ക്ഷേത്രത്തിൽ എത്തിയത് എന്ന് കീർത്തി സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ ഹിന്ദി പ്രൊജക്ട് ആയ ബേബി ജോൺ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അതുമാത്രമല്ല വിവാഹവും അടുത്തമാസം നടക്കും. ഇതിനെല്ലാം അനുഗ്രഹം തേടിയാണ് ക്ഷേത്രത്തിൽ എത്തിയത്. അടുത്ത മാസം ഗോവയിൽവച്ചാണ് വിവാഹം എന്നും കീർത്തി വ്യക്തമാക്കി.
15 വർഷത്തെ പ്രണയത്തിന് ശേഷമാണ് കീർത്തി സുരേഷ് വിവാഹിതയാകുന്നത്. ആന്റണി തട്ടിൽ ആണ് താരത്തിന്റെ ഭർത്താവ്. ഹൈ സ്‌കൂളിൽവച്ചാണ് ആന്റണിയും കീർത്തിയും തമ്മിൽ സൗഹൃദത്തിൽ ആയത്. ശേഷം ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
Discussion about this post