മുംബൈ; പ്രസവത്തിനായി യുവതിയ്ക്ക് ജാമ്യം അനുവദിച്ച് ബോംബൈ ഹൈക്കോടതി. ജയിലിൽ പ്രസവിക്കുന്നത് അമ്മയെയും കുഞ്ഞിനെയും പ്രതികൂലമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ജയിലിലെ പ്രസവം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജസ്റ്റിസ് ഊർമിള ജോഷി-ഫാൽക്കെ പറഞ്ഞു.
മയക്കുമരുന്ന് കൈവശം വച്ച കേസിൽ അറസ്റ്റിലായ ഗർഭിണിയായ സ്ത്രീക്കാണ് നാഗ്പൂർ ബെഞ്ച് ബോംബെ ഹൈകോടതി താൽക്കാലിക ജാമ്യം അനുവദിച്ചത്. ഇത്തരം കേസുകൾ മാനുഷിക പരിഗണനകൾ അർഹിക്കുന്നുണ്ടെന്ന് ജസ്റ്റിസ് പറഞ്ഞു.
ജയിലിൽ വെച്ച് കുട്ടിയെ പ്രസവിക്കുന്നത് അപേക്ഷകയെ മാത്രമല്ല തീർച്ചയായും കുട്ടിയെയും ബാധിക്കും. അത് കാണാതിരിക്കാനാവില്ല. സാഹചര്യം ആവശ്യപ്പെടുന്ന മാന്യതക്ക് ഓരോ വ്യക്തിക്കും അർഹതയുണ്ട്. കുട്ടിയെ ജയിലിൽ എത്തിക്കുന്നത് അമ്മക്കും കുഞ്ഞിനും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അതിനാൽ മാനുഷിക പരിഗണനകൾ ആവശ്യമാണ്” -കോടതി പറഞ്ഞു.
2024 ഏപ്രിലിൽ നടത്തിയ റെയ്ഡിൽ ഒന്നിലധികം പ്രതികളിൽ നിന്ന് 6.64 ലക്ഷം രൂപ വിലമതിക്കുന്ന 33.2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതാണ് കേസ്. അറസ്റ്റ് ചെയ്യുന്ന സമയത്ത് യുവതി രണ്ട് മാസം ഗർഭിണിയായിരുന്നു.
Discussion about this post