ബീജിംഗ്; പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ഹോട്ടൽ മുറികൾ തിരഞ്ഞെടുക്കുന്നവർ ആദ്യം പരിഗണിക്കുന്നത് വൃത്തിയ്ക്കും സുരക്ഷിതത്വത്തിനുമാണ്. ഇതല്ലെങ്കിൽ എത്ര മറ്റ് സൗകര്യങ്ങളും ഡിസ്‌കൗണ്ടുകളും നൽകിയാലും ആരും ആ മുറികൾ പരിഗണിക്കില്ല. പലപ്പോഴും ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കമുണ്ടാകുന്നതും ഈ വൃത്തിയുടെ കാര്യത്തിലാണ്. എന്നാൽ ഇത് മുന്നിൽ കണ്ട് ചിലർ തട്ടിപ്പിന് ഇറങ്ങിയാലോ? അങ്ങനെ ഒരു സംഭവമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്. ചൈനീന് നഗരത്തിലെ പ്രമുഖ ഹോട്ടലുകാരെ പറ്റിക്കാൻ നോക്കിയ യുവാവിനെ അറസ്റ്റ് ചെയ്തതാണ് സംഭവം. യുവാവ് ചെയ്ത കുറ്റമെന്തെന്ന് അറിയാമോ
ഹോട്ടലുകളിൽ ജീവനക്കാരെ കബളിപ്പിച്ചും ബ്ലാക്ക്‌മെയിൽ ചെയ്തും നഷ്ടപരിഹാരം വാങ്ങിക്കൽ,സൗജന്യതാമസം-ഭക്ഷണം എന്നിവയാണ് യുവാവിന്റെ തട്ടിപ്പ്. ഏറെക്കാലമായി പല ഹോട്ടലുകളെ പറ്റിച്ചാണ് യുവാവ് ജീവിക്കുന്നത്. ജിയാംഗ് എന്ന് പേരുള്ള 21 കാരനാണ് തട്ടിപ്പുകാരൻ. ഹോട്ടലിൽ താമസിക്കാൻ എത്തുന്ന യുവാവ് ചീവീട്, ചത്ത പാറ്റ, ഉപയോഗിച്ച ഗർഭനിരോധന ഉറകൾ, മുടിനാരിഴകൾ എന്നിവയുമായാണ് എത്തുക. ഈ സാധനങ്ങളൊക്കെ റൂമിന്റെ പലഭാഗത്തായി ഇട്ടതിന് ശേഷം യുവാവ് ഹോട്ടൽ അധികൃതരോട് വൃത്തിയെക്കുറിച്ചുള്ള പരാതി നൽകും.
ഇത്രയധികം പണം നൽകി തനിക്ക് താമസിക്കാൻ നൽകിയ മുറിയാണോ ഇതെന്ന് ചോദിച്ച് ഹോട്ടലിൽ എല്ലാവരും കേൾക്കെ പ്രശ്‌നമുണ്ടാക്കും. ഈ ബഹളം മറ്റുള്ള കസ്റ്റമർ കേൾക്കാതിരിക്കാൻ ഹോട്ടൽ ജീവനക്കാർ ഈ യുവാവ് പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനാകും. അങ്ങനെ അധികൃതർക്ക് സൗജന്യ താമസവും ഭക്ഷണവും ചിലപ്പോൾ നഷ്ടപരിഹാരം വരെ നൽകേണ്ടി വന്നേക്കും. കഴിഞ്ഞ 10 മാസത്തിനിടെ നിരവധി ഹോട്ടലുകളിലാണ് യുവാവ് സൗജന്യമായി താമസിച്ച് പണം തട്ടിയത്. ഒരു ദിവസം ഒന്നിൽക്കൂടുതൽ ഹോട്ടലുകളിൽ യുവാവ് താമസിച്ചിട്ടുണ്ടത്രേ. പ്രശ്‌നങ്ങൾ ആരോപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിന്നാലെ ഒരു ഹോട്ടൽ ജീവനക്കാർ പോലീസിൽ അറിയിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്താകുന്നത്.
Discussion about this post