കൊല്ലം; സിപിഎമ്മിന് നാണക്കേട് ഉണ്ടാക്കിയ ഏരിയ കമ്മറ്റി സമ്മേളനത്തിലെ കൂട്ടത്തല്ലിന് പിന്നാലെ നടപടിയുമായി പാർട്ടി. കരുനാഗപ്പള്ളി ഏരിയ കമ്മറ്റി പിരിച്ചുവിട്ട സംസ്ഥാന നേതൃത്വം പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കരുനാഗപ്പള്ളി സമ്മേളനത്തിൽ ഉണ്ടായത് തെറ്റായ പ്രവണതയെന്നും നിലവിലെ കമ്മറ്റിക്ക് പാർട്ടിയെ നയിക്കാനാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയെ പ്രയാസപ്പെടുത്തിയ ഈ നിലപാട് പാർട്ടിയ്ക്ക് അംഗീകരിക്കാനാകില്ല. തെറ്റായ ഒരു പ്രവണതയും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും തർക്കത്തെ തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോയതോടെ കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളി വരെയെത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, കെ.സോമപ്രസാദ് എന്നിവരെ അടക്കം തടഞ്ഞുവച്ചായിരുന്നു കയ്യാങ്കളി
Discussion about this post