ജോലിയുള്ളത് കൊണ്ട് മാത്രം നമുക്ക് സാമ്പത്തിക ഭദ്രത കൈവരില്ല. അതിന് സമ്പാദ്യ ശീലവും ആവശ്യമാണ്. അല്ലെങ്കിൽ ഭാവി ജീവിതം അവതാളത്തിലാകും. മികച്ച സമ്പാദ്യശീലം നമ്മിൽ വളർത്തെടുക്കാൻ പ്രധാന പങ്കുവഹിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് പോസ്റ്റ് ഓഫീസ്. ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാർക്ക് ചെറിയ നിക്ഷേപത്തിൽ വലിയ നേട്ടം ലഭിക്കുന്നു എന്നതാണ് ഇതിന് കാരണം.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡെപോസിറ്റ് അഥവാ ആർഡി. ചെറിയ നിക്ഷേപത്തിലൂടെ വലിയ ലാഭം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ ലക്ഷങ്ങൾ ആയിരിക്കും തിരികെ ലഭിക്കുക. പലിശ നിരക്കാണ് ഇതിന്റെ മുഖ്യ ആകർഷണം.
നിലവിൽ 6.8 ശതമാനം വരെ പലിശയാണ് ഈ നിക്ഷേപ പദ്ധതിയിൽ നിന്നും ലഭിക്കുക. ഇതിൽ അംഗമാകാൻ ആദ്യം 100 രൂപ നിക്ഷേപിച്ച് ഒരു അക്കൗണ്ട് തുടങ്ങാം. സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ഈ നിക്ഷേപ പദ്ധതി അനുവദിക്കുന്നുണ്ട്. എത്ര രൂപ വേണമെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്രതിമാസം ആണ് തവണകൾ അടയ്‌ക്കേണ്ടത്. 5 വർഷമാണ് അടയ്‌ക്കേണ്ട കാലാവധി. എല്ലാ മാസവും കൃത്യമായി അടയ്ക്കണം. ഏതെങ്കിലും ഒരു മാസം അടവ് മുടങ്ങിയാൽ 1 ശതമാനം പിഴ ഈടാക്കും. നാല് തവണ അടവ് മുടങ്ങിയാൽ അക്കൗണ്ട് സ്വയം ക്ലോസ് ചെയ്യപ്പെടും. തുടർച്ചയായി 5 വർഷം അടച്ചാൽ 57,771 രൂപയായിരിക്കും പലിശ ഇനത്തിൽ ലഭിക്കുക. മൂന്ന് ലക്ഷം ആയിരിക്കും നിക്ഷേപ തുക.
ഈ നിക്ഷേപം പിൻവലിക്കണമെന്ന് നിർബന്ധമില്ല. ഈ നിക്ഷേപം അഞ്ച് വർഷത്തേയ്ക്ക് കൂടി നീട്ടിയാൽ മൊത്തം നിക്ഷേപ തുക ആറ് ലക്ഷം ആകും. അങ്ങനെയങ്കിൽ പലിശ ഇനത്തിൽ മാത്രം 2,58,986 രൂപ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.
Discussion about this post