കോവിഡിന് ശേഷം ലോകമൊട്ടാകെയുള്ള ബിസിനസ് രംഗത്ത് കാര്യമായ തളർച്ച തന്നെയുണ്ടായി. വളർച്ചകളെല്ലാം മന്ദഗതിയിലായതോടെ ബിസിനസ് രംഗത്തെ നിക്ഷേപങ്ങളും കുറഞ്ഞു. കോവിഡിന്റെ അലയൊലികൾ കേരളത്തിനെയും ബാധിച്ചു. എന്തിനേറെ പറയുന്നു. റിയൽ എസ്റ്റേറ്റ് മേഖലയെ വരെ തളർത്തിക്കഴിഞ്ഞു. വിദേശത്തോക്കുള്ള യുവാക്കളുടെ ഒഴുക്കും കൂടിയതോടെ റിയൽ എസ്‌റ്റേറ്റിൽ നിക്ഷേപിക്കുന്നത് ലാഭകരമാണോ എന്ന ചിന്ത കലശലായി. ഈ വിഷയത്തിൽ ജിതിൻ ജേക്കബ് എഴുതിയ കുറിപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്
കേരളത്തിൽ റിയൽ എസ്റ്റേറ്റിലെ നിക്ഷേപം മണ്ടത്തരമാണോ..?
പണ്ടൊക്കെ കുറച്ചു കാശ് കയ്യിൽ വന്നാൽ ആദ്യം ചെയ്യുക എവിടെയെങ്കിലും ഭൂമി വാങ്ങിച്ചിടുക എന്നതായിരുന്നു പതിവ്. കാലം മാറി, ഇന്നിപ്പോൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ തളർച്ച ആണ് കാണുന്നത്. അതിന് നിരവധി കാരണങ്ങൾ ഉണ്ട്. അതിലേക്ക് കൂടുതൽ കടക്കുന്നില്ല.
കോവിഡിന് ശേഷം മനുഷ്യരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ ആണ് വന്നത്. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ജോലി ചെയ്യുക, ബാങ്കിൽ നിന്ന് കിട്ടാവുന്നതിന്റെ പരമാവധി ലോൺ എടുക്കുക, ഭാര്യയുടെ കെട്ടു താലി ഉൾപ്പെടെ പണയം വെച്ചിട്ട് ആണെങ്കിലും പടപണ്ടാരം പോലത്തെ വീട് വെച്ച് നാട്ടുകാരുടെ കണ്ണ് തള്ളിക്കുക, എന്നിട്ട് ജീവിത കാലം മുഴുവൻ ബാങ്കിൽ EMI അടയ്ക്കുക എന്നതായിരുന്നു എങ്കിൽ, ഇപ്പോൾ സ്ഥലം വാങ്ങുന്നതും, വലിയ വീട് വെയ്ക്കുന്നതും എല്ലാം Priority അല്ലാതായി മാറി.
കേരളത്തിൽ നിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്ന കുട്ടികൾ ആരും തിരിച്ചു വരില്ല എന്ന സ്ഥിതിയിലായി. പണ്ടൊക്കെ NRI ക്കാർ കേരളത്തിലേക്ക് പണം അയച്ച് ധാരാളം ഭൂമി വാങ്ങിയിടുമായിരുന്നു. നാട്ടിലേക്ക് തിരിച്ചു വരില്ല എന്ന തീരുമാനം ആയതോടെ NRI ക്കാർ പണം അയക്കുന്നത് നിർത്തി. അവർ ഇപ്പോൾ ജീവിക്കുന്ന രാജ്യങ്ങളിൽ ആണ് നിക്ഷേപം നടത്തുന്നത്.
പക്ഷെ ഇപ്പോഴത്തെ ആഗോള സാഹചര്യങ്ങൾ നോക്കിയാൽ സമീപ ഭാവിയിൽ തന്നെ വിദേശത്ത് സ്ഥിര താമസം ആക്കിയ നിരവധി ഇന്ത്യക്കാർ തിരികെ ഇന്ത്യയിലേക്ക് മടങ്ങിപ്പോരേണ്ട അവസ്ഥ ഉണ്ടായേക്കാം.
യൂറോപ്പ് ഒരു ആഭ്യന്തര കലാപത്തിന്റെ അരികിൽ ആണ് എന്നത് പകൽ പോലെ വ്യക്തം ആണ്. ആ കലാപത്തിൽ ഒന്നെങ്കിൽ യൂറോപ്പ് രക്ഷപെടും, അല്ലെങ്കിൽ ‘താലിബാൻ മോഡൽ’ ഭരണം യൂറോപ്പിൽ എല്ലായിടത്തും ഉണ്ടാകും.
ഒരു ഉദ്ദഹരണം പറയാം. റോം നഗരത്തിൽ നല്ലൊരു പങ്ക് കടകളും നടത്തുന്നത് ബംഗ്ലാദേശികൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? ‘റോം മ്യൂസിയം’ എന്നത് ലോകത്തിലെ രണ്ടാമത്തെ വലിയ മ്യൂസിയം ആണ്. അതിന്റെ പൂർണ്ണ നിയന്ത്രണം ബംഗ്ലാദേശികളുടെയും, മൊറോക്കക്കാരുടെയും കൈകളിൽ ആണ്. കുറ്റകൃത്യങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്നു. ഇറ്റലിക്കാർ പട്ടികളെയും കളിപ്പിച്ച്, പ്രതാപകാലം അയവിറക്കി സമയം കളയുന്നു. ‘മാർപ്പാപ്പയെ’ ദൈവം രക്ഷിക്കട്ടെ എന്നേ പറയാനുള്ളൂ..
യൂറോപ്പിൽ ഉണ്ടാകുന്ന സിവിൽ വാറിൽ യൂറോപ്പ് ജയിച്ചാലും, ‘താലിബാൻ’ ജയിച്ചാലും അവിടെ ജീവിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി ആകും. എല്ലാവരും അതിന്റെ ദുരിതം പേറേണ്ടി വരും. യൂറോപ്പിൽ ഉണ്ടാകുന്ന ആഭ്യന്തര കലാപത്തിന്റെ അനുകിരണങ്ങൾ ലോകത്ത് എല്ലായിടത്തും എത്തും.
നമ്മൾ എന്ത് മലമറിച്ചു എന്ന് പറഞ്ഞാലും, വേറൊരു രാജ്യത്ത് നമ്മൾ രണ്ടാം തരക്കാരാണ് എന്നത് വാസ്തവമാണ്.
വിദേശത്ത് സ്ഥിര താമസം ആക്കിയ NRI കൾക്ക് നാട്ടിലേക്ക് തിരികെ പോരേണ്ട സാഹചര്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അതുകൊണ്ട് ഇപ്പോൾ നാട്ടിൽ ഉള്ള വീടും, സ്ഥലവും ഒക്കെ ചാടിക്കയറി കിട്ടുന്ന വിലക്ക് വിൽക്കുന്നത് ഒരുപക്ഷെ അബദ്ധമായേക്കാം.
ഇത് മുൻകൂട്ടി കണ്ട് പല NRI ക്കാരും കേരളത്തിൽ ഉള്ള പ്രോപ്പർട്ടി വിൽക്കാതെ ഇട്ടിട്ടുണ്ട് എന്ന കാര്യം സാമ്പത്തീക മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അറിയാം.
കേരളത്തിൽ ഇപ്പോഴുള്ള റിയൽ എസ്റ്റേറ്റ് തളർച്ച താൽക്കാലികം മാത്രമാണ്. കൃഷി ഭൂമിക്ക് ഒക്കെ ഭാവിയിൽ വൻ വില കൊടുക്കേണ്ടി വരും. കയ്യിൽ കൃഷി ഭൂമി ഉള്ളവർ അത് കൊടുക്കരുത് എന്നാണ് പല വിദഗ്ധരും പറയുന്നത്.
അതുപോലെ ഇപ്പോൾ ഭൂമിക്ക് വിലയില്ല എന്ന് കരുതി സങ്കടപ്പെടേണ്ട, അൽപ്പം ക്ഷമിച്ചാൽ ഭൂമി വിലയിൽ കുതിപ്പ് ഉണ്ടാകും. കിട്ടുന്ന വിലയ്ക്ക് ചാടിക്കയറി വീടും സ്ഥലവും വിൽക്കുന്നത് നല്ല തീരുമാനം ആണെന്ന് തോന്നുന്നില്ല.
റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നല്ലതാണോ എന്ന് ചോദിച്ചാൽ ഫ്‌ലാറ്റുകൾ ഒക്കെ വാങ്ങിക്കുന്നതിന് പകരം സ്ഥലം വാങ്ങിച്ചിടുക എന്നത് ‘ദീർഘകാല അടിസ്ഥാനത്തിൽ’, വീണ്ടും പറയുന്നു, ദീർഘകാല അടിസ്ഥാനത്തിൽ നല്ല തീരുമാനം ആയിരിക്കും എന്നാണ് എന്റെ അഭിപ്രായം.
ക്ഷമ വേണം, സമയം എടുക്കും.
പിൻകുറിപ്പ് :- ഞാൻ ഈ വിഷയത്തിൽ വിദഗ്ധൻ ഒന്നുമല്ല. സാമ്പത്തീക മേഖലയിൽ ജോലി ചെയ്യുന്നതിന്റെ അനുഭവം വെച്ചും, ഭാവിയിലെ ആഗോള സാമൂഹിക സാഹചര്യങ്ങളെ കുറിച്ചുള്ള വിദഗ്ധരുടെ അനുമാനങ്ങളും, NRI സുഹൃത്തുക്കൾ പങ്ക് വെച്ച കാര്യങ്ങളും ചേർത്ത് എഴുതിയതാണ്.
Discussion about this post