ന്യൂഡൽഹി: ബിജെപിയെ തകർക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇൻഡി സഖ്യത്തിന് വീണ്ടും പ്രഹരവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. അടുത്ത വർഷമാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്.
പാർട്ടി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകില്ല. ആംആദ്മി ഒറ്റയ്ക്ക് മത്സരിക്കും- എന്നിങ്ങനെ ആയിരുന്നു കെജ്രിവാളിന്റെ പ്രതികരണം. 70 നിയമസഭാ സീറ്റുകൾ ആണ് ഡൽഹിയിൽ ഉള്ളത്. നിലവിൽ ഇതിൽ 62ലും ആംആദ്മിയാണ്.
ശനിയാഴ്ച ആംആദ്മിയുടെ പദയാത്രയ്ക്കിടെ കെജ്രിവാളിന് നേർക്ക് ചിലർ മഷി എറിഞ്ഞിരുന്നു. ഇതേക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വന്തം പാർട്ടിയുടെ പദയാത്രയ്ക്കിടെ ആണ് താൻ ആക്രമിക്കപ്പെട്ടത്. എന്തോ ഒരു ദ്രാവകം തന്റെ മുഖത്തേയ്ക്ക് എറിഞ്ഞു. ഈ മഷി ശരീരത്തിന് ദോഷമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ ചില സമയം ഇത്തരം സംഭവങ്ങൾ ദോഷമായി ബാധിക്കാമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
Discussion about this post