സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്ന വാക്കാണ് അബ്രോസെക്ഷ്വാലിറ്റി. നിരവധി പേരാണ് തങ്ങൾ അത്തരം ലൈംഗികതാത്പര്യം ഉള്ളവരാണെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണയായി ലൈംഗികതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെ ഹെട്രോസെക്ഷൽ,ഹോമോസെക്ഷ്വൽ,ബൈ സെക്ഷ്വൽ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കാറുണ്ട്. എതിർലിംഗത്തിലെ വ്യക്തിയോട് ലൈംഗിക ആകർഷണം തോന്നുന്നവരെ ഹെട്രോ സെക്ഷ്വലെന്നും സ്വവർഗത്തിലെ ആളുകളോട് താത്പര്യം തോന്നുന്നവരെ ഹോമോസെക്ഷ്വലെന്നും ഇരുകൂട്ടരോടും ലൈംഗികതാത്പര്യം തോന്നുന്നവരെ ബൈസെക്ഷ്വലെന്നുമാണ് വിശേഷിപ്പിക്കുന്നത്.
എന്നാൽ ഇതിൽ നിന്നും വിഠഭിന്നമായ കൂട്ടരാണ് അബ്രോസെക്ഷ്വലുകൾ. ഒരു വ്യക്തിയുടെ ലൈംഗിക താത്പര്യമെന്നത് സ്ഥായിയായ ഒരു സംഗതിയാകണമെന്ന് നിർബന്ധമില്ലെന്നും ജീവിതത്തിലെ പല കാര്യങ്ങളും മാറുന്നത് പോലെ ലൈംഗിക താത്പര്യവും മാറാമെന്നതുമായ സങ്കൽപമാണ് അബ്രോസെക്ഷ്വാലിറ്റിക്ക് പിന്നിൽ. ഒരാളുടെ ജീവിതത്തിലുടനീളം വിവിധലിംഗത്തിൽ പെട്ടയാളുകളോടുള്ള ലൈംഗിക, പ്രണയ ആകർഷണങ്ങൾ മാറിക്കൊണ്ടിരിക്കുകയോ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുകയോ ചെയ്യുന്നതിനെയാണ് അബ്രോസെക്ഷ്വാലിറ്റി എന്ന് വിളിക്കുന്നത്.
അതായത്, അബ്രോസെക്ഷ്വലായ ഒരാൾക്ക് ഒരു ഘട്ടത്തിൽ പുരുഷന്മാരോട് ശക്തമായ ആകർഷണം തോന്നിയേക്കാം, പിന്നീട് ആകർഷണം കുറയുകയോ മാറുകയോ ചെയ്യാം, കുറച്ച് സമയത്തേക്ക് ആരോടും ലൈംഗിക ആകർഷണം അനുഭവപ്പെടാത്ത അവസ്ഥയിലൂടെയും അയാൾ കടന്നുപോയേക്കാം. ചില സമയത്ത് അവരുടെ ആകർഷണം സ്ത്രീകളോടോ മറ്റ് സ്വത്വത്തിലുള്ളവരോടോ ആവാം. സാധാരണഗതിയിൽ, അബ്രോസെക്ഷ്വൽ ആളുകൾക്ക് അവർ ആരിലേക്ക് ആകർഷിക്കപ്പെടുന്നു, ആകർഷണം എത്ര തീവ്രമാണ് തുടങ്ങിയ കാര്യങ്ങളൊന്നും കൃത്യമായി പറയാനാവില്ല. അതിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുകയും ചെയ്യും. ആകർഷണങ്ങൾ ആഴ്ചയിലോ വർഷത്തിലോ അല്ലെങ്കിൽ കുറച്ച് വർഷങ്ങൾ കൂടുമ്പോഴോ മാറിക്കൊണ്ടിരിക്കാം.
യുവതലമുറയിൽ, പ്രത്യേകിച്ച് ജെൻസികളിൽ (1997 നും 2012 നും ഇടയിൽ ജനിച്ച ആളുകൾ) ശക്തമായി കണ്ടുവരുന്നു. വൈവിധ്യമാർന്ന ലൈംഗിക സ്വത്വങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും അവബോധവും സ്വീകാര്യതയുമാവാം ഇതിന് കാരണം. ബന്ധങ്ങളിൽ നിരന്തരം വെല്ലുവിളികൾ നേരിടുന്നവരാണ് അബ്രോസെക്ഷ്വാലിറ്റിയിലുള്ളവർ. ചിലർ ദീർഘകാല ബന്ധങ്ങളിൽ പ്രതിബദ്ധത പുലർത്താൻ താത്പര്യപ്പെടാറില്ല, അവരുടെ ആകർഷണ തലങ്ങളിലെ മാറ്റങ്ങൾ പങ്കാളിയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ഭയമാണ് അതിനു കാരണം
Discussion about this post