ആലപ്പുഴ: അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളർകോട് വാഹനാപകടത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി ആർടിഒ എ.കെ ദിലു. വാഹനത്തിന്റെ കാലപ്പഴക്കം മുതൽ മഴവരെ അപകടത്തിന് കാരണം ആയി എന്നാണ് അദ്ദേഹം പറയുന്നത്. പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോൾ വാഹനം തെന്നിമാറി കെഎസ്ആർടിസി ബസിൽ ഇടിയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് പേർക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന വാഹനത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ യാത്ര. എന്നാൽ ഇതിൽ 11 പേർ ഉണ്ടായിരുന്നു. ഓവർലോഡ് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അപകട സമയം ശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടിരുന്നത്. കാഴ്ചമങ്ങിയതോടെ ബ്രേക്ക് ഇട്ടതാകാം. മഴ പെയ്തത് വാഹനം തെന്നിനീങ്ങുന്നതിനുള്ള പ്രധാന കാരണം ആയി. മാസങ്ങൾക്ക് മുൻപ് മാത്രം ലൈസൻസ് ലഭിച്ച വിദ്യാർത്ഥി ആയിരുന്നു വാഹനം ഓടിച്ചത്. പരിചയക്കുറവും അപകടത്തിന് കാരണം ആയി. 14 വർഷത്തോളം പഴക്കമുള്ള വാഹനത്തിൽ ആയിരുന്നു വിദ്യാർത്ഥികളുടെ യാത്ര. ഇതും അപകടത്തിന് കാരണം ആയി.
ഇൻഷൂറൻസുള്ള വണ്ടിയാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഈ വാഹനത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബ്രേക്ക് ഇട്ടപ്പോൾ വീൽ ലോക്കായി. ഇങ്ങനെ ഉണ്ടായാൽ വാഹനം ചരിയും. കാർ ചരിഞ്ഞുവന്നാണ് കെഎസ്ആർടിസി ബസിൽ ഇടിച്ചിരിക്കുന്നത് എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പഴയവണ്ടി ആയതിനാൽ അമിത വേഗത്തിൽ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെയായിരുന്നു കളർകോടുവച്ച് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് തന്നെ അഞ്ച് പേരും മരണപ്പെടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് ആറ് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിലെ ആദ്യ വർഷ എംബിബിഎസ് വിദ്യാർത്ഥികൾ ആണ് മരിച്ച അഞ്ച് പേരും. മലപ്പുറം സ്വദേശി ദേവനന്ദൻ, പാലക്കാട് സ്വദേശി ശ്രീദേവ് വൽസൻ, കോട്ടയം സ്വദേശി ആയുഷ് ഷാജി, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൾ ജബ്ബാർ എന്നിവരാണ് മരിച്ചത്.
Discussion about this post