പാലക്കാട്: ആലപ്പുഴ കളർകോട് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത് സിനിമയ്ക്ക് പോകുന്നതിനിടെയെന്ന് സൂചന. അപകടം ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിലേക്ക് വിളിച്ച പാലക്കാട് സ്വദേശി ശ്രീദീപ് വീട്ടുകാരോട് സിനിമയ്ക്ക് പോകുന്നതായി പറഞ്ഞിരുന്നുവെന്നാണ് ബന്ധു പറയുന്നത്. അതേസമയം ഏക മകൻ നഷ്ടമായതിന്റെ വിയോഗത്തിൽ ഉള്ള് ഉലഞ്ഞ് നിൽക്കുകയാണ് വത്സനും ബിന്ദുവും.
ഒന്നര മാസം മുൻപാണ് അഡ്മിഷൻ ലഭിച്ചതിന് പിന്നാലെ ശ്രീദീപ് ആലപ്പുഴയിൽ എത്തിയത്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതം ആയിരുന്നു ശ്രീദീപിന്റേത്. വത്സൻ പാലക്കാട് ഭാരത് മാതാ സ്‌കൂളിലെ അദ്ധ്യാപകൻ ആണ്. ഇദ്ദേഹത്തിനൊപ്പം മാത്രമാണ് ശ്രീദീപ് പുറത്തിറങ്ങാറുളളതെന്ന് നാട്ടുകാർ പറയുന്നു.
പഠനത്തോടൊപ്പം കായിക രംഗത്തും മിടുക്കൻ ആയിരുന്നു ശ്രീദീപ്.
ഇന്നലെ ക്ലാസ് കഴിഞ്ഞ് മുറിയിൽ എത്തിയ ശ്രീദീപ് വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സിനിമയ്ക്ക് പോകുന്നുവെന്ന് പറഞ്ഞു. ഇതിന് ശേഷം 10 മണിയോടെയാണ് വീട്ടിൽ മരിച്ചതായുള്ള വിവരം അറിയുന്നത് എന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു.
അതേസമയം സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് വിദ്യാർത്ഥികൾ വാഹനം വാങ്ങിയത് എന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഉടമയും പറയുന്നു. മറ്റാർക്കും വാഹനം നൽകാറില്ല. വിദ്യാർത്ഥികൾ ചോദിച്ചപ്പോഴും വാഹനം കൊടുക്കാൻ ഇഷ്ടമുണ്ടായിരുന്നില്ല. പരിചയത്തിന്റെ പേരിൽ കൊടുത്തത് ആണെന്നും ഉടമ വ്യക്തമാക്കുന്നുണ്ട്.
Discussion about this post