ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തില്‍ വാഹന ഉടമയെ ചോദ്യം ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. സ്വകാര്യ വ്യക്തിയുടെ വാഹനമാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരിക്കുന്നത്.
വാഹന ഉടമയ്ക്ക് വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസില്ല. വാഹനം വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യവും പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
വാഹനത്തിന്റെ ഉടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. കാർ വാടകയ്ക്ക് കൊടുത്തത് നിയമ വിരുദ്ധമായിട്ടാണെന്നും റെന്റ് എ കാർ ലൈസൻസ് ഇല്ലെന്നും ടാക്സി പെർമിഷൻ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ കാര്‍ ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. 2010 രജിസ്ട്രേഷനാണ് വാഹനം. വാഹനത്തിന്‍റെ പേപ്പറുകളുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
അപകടത്തിന് പല ഘടകങ്ങളും കാരണമായിട്ടുണ്ട്. വാഹനത്തിലെ അമിതഭാരമാണ് അപകടമുണ്ടായതിന്റെ പ്രധാന കാരണം. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായി. വാഹനം നിയമ വിരുദ്ധമായി ആണ് വിദ്യാർത്ഥികള്‍ക്ക് നല്‍കിയത്. വാഹനഉടമ ആരാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു. റോഡിൽ വെളിച്ചക്കുറവും ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല.
പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
Discussion about this post