മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. ഡിസംബർ 5 ന് മുംബൈയിലെ ആസാദ് മൈതാനിയിൽ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ഡിസംബർ നാലിന് വൈകിട്ടോടെ മാത്രമേ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരെന്ന സസ്പെൻസ് പുറത്തുവിടൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൻ്റെ ചരിത്രവിജയത്തെത്തുടർന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ കേന്ദ്രസർക്കാരിൽ നിന്നും ഉള്ള നിരവധി പ്രമുഖരും പങ്കെടുക്കുമെന്നാണ് സൂചന. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കും.
കൂടാതെ എൻഡിഎ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്, മേഘാലയ മുഖ്യമന്ത്രി
കോൺറാഡ് സാങ്മ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് , അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡു, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവരും മഹാരാഷ്ട്ര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.
Discussion about this post