ആലപ്പുഴ: കളർകോഡ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി എഫ്‌ഐആർ. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് ആദ്യം ലഭിച്ച വിവരം. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടേയും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുമെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
വാഹന ഉടമയെ ചോദ്യം ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ആലപ്പുഴ വളഞ്ഞ വഴി സ്വദേശി ഷാമിൽ ഖാൻ ആണ് വാഹന ഉടമ. സ്വകാര്യ വ്യക്തിയുടെ വാഹനമാണ് വിദ്യാർത്ഥികൾ ഉപയോഗിച്ചിരിക്കുന്നത്. വാഹന ഉടമയ്ക്ക് വാഹനം വാടകക്ക് നൽകാനുള്ള ലൈസൻസില്ല. വാഹനം വാടകയ്ക്ക് നൽകിയതാണോ എന്ന കാര്യവും പരിശോധിക്കുമെന്നും മോട്ടോർവാഹന വകുപ്പ് അറിയിച്ചു.
Discussion about this post