ന്യൂസിലൻഡിനെതിരായ മോശം പരമ്പരയുടെ പശ്ചാത്തലത്തിലാണ് കോഹ്‌ലി ഓസ്‌ട്രേലിയയിലെത്തിയത്. സ്വന്തം നാട്ടിൽ നടന്ന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വെറും 93 റൺസ് മാത്രമാണ് കോഹ്ലി നേടിയത്, എന്നാൽ പെർത്ത് ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഉജ്ജ്വല സെഞ്ച്വറി നേടി കൊണ്ട് ഓസ്‌ട്രേലിയയോടുള്ള തന്റെ അടങ്ങാത്ത സ്നേഹം കോഹ്ലി പ്രകടിപ്പിക്കുകയുണ്ടായി. അതെ സമയം ഒരു ലോക റെക്കോർഡിലേക്ക് മുത്തമിടാൻ വെറും ഒരു സെഞ്ച്വറി മാത്രം അകലെയാണ് കിംഗ് കോഹ്ലി. അതും സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ്.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ സെഞ്ച്വറി നേടാനായാൽ സച്ചിൻ ടെണ്ടുൽക്കറുടെ വമ്പൻ റെക്കോർഡ് തകർക്കാൻ വിരാട് കോഹ്‌ലിക്ക് കഴിയും. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് നിലവിൽ സച്ചിൻ ടെണ്ടുൽക്കറിനാണ്. 9 സെഞ്ചുറികളോടെ ബലാബലം നിൽക്കുകയാണ് കോഹ്‌ലിയും സച്ചിനും. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ ഒരു സെഞ്ച്വറി മാത്രം അകലെയാണ് കോഹ്‌ലി. ഒരു സെഞ്ച്വറി കൂടെ നേടിക്കഴിഞ്ഞാൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 10 സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായും അദ്ദേഹം മാറും.
സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, റിക്കി പോണ്ടിങ്, മാത്യു ഹെയ്‌ഡൻ, ആദം ഗിൽക്രിസ്റ്റ് തുടങ്ങിയ മഹാരഥന്മാർക്ക് പോലും കഴിയാതിരുന്ന നാഴികക്കല്ലാണ് കോഹ്ലി സ്വന്തമാക്കാൻ പോകുന്നത്. കോഹ്‌ലിക്ക് അത് കഴിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. .
Discussion about this post