ഇസ്ലാമാബാദ്: കയറ്റുമതിയിൽ നിന്നും രാജ്യത്തിന് ആവശ്യമായ സമ്പത്തിന്റെ വലിയൊരു ഭാഗം കണ്ടെത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് പാകിസ്താൻ. കാര്യമായ പുരോഗതി അവകാശപ്പെടാനില്ലാത്ത പാകിസ്താന്റെ പ്രധാന വരുമാന ശ്രോതസ്സ് കയറ്റുമതിയാണ്. പാകിസ്താനിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങുന്ന രാജ്യം ഏതാണെന്ന് അറിയാമോ?. ആ പേര് കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ കഴിഞ്ഞ ദിവസം രാജ്യം ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. അമേരിക്കയിലേക്കാണ് ആണ് പാകിസ്താൻ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത് എന്നാണ് ഈ പട്ടികയിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷം മെയ് മാസംവരെ പാകിസ്താൻ 2037 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റി അയച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം 1862.09 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ആയിരുന്നു പാകിസ്താൻ അമേരിക്കയ്ക്ക് വിറ്റത്.
അമേരിക്ക കഴിഞ്ഞാൽ പാകിസ്താൻ ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വിൽക്കുന്നത് ചൈനയ്ക്ക് ആണ്. ഈ വർഷം ആദ്യ നാല് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 813.44 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് പാകിസ്താൻ ചൈനയ്ക്ക് വിറ്റഴിച്ചത്. പാകിസ്താനിൽ നിന്നും ഏറ്റവും കൂടുതൽ ഉത്പന്നങ്ങൾ വാങ്ങുന്നതിൽ മൂന്നാം സ്ഥാനം ബ്രിട്ടനാണ്. ഈ വർഷം 761.39 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് ബ്രിട്ടൺ പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്തത്.
പാകിസ്താനിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിൽ നാലാം സ്ഥാനം യുഎഇയ്ക്കാണ്. 737 മില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് പാകിസ്താൻ യുഎഇയിലേക്ക് കയറ്റി അയച്ചിട്ടുള്ളത്.
Discussion about this post