ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഏറ്റവും മോശം പരിണിതഫലം അനുഭവിക്കാനൊരുങ്ങുകയാണ് ആർട്ടിക് ധ്രുവപ്രദേശമെന്ന് പഠനങ്ങൾ. 2027-ഓടെ എല്ലാ ഐസും ഉരുകി ആര്‍ട്ടിക് അതിന്റെ ചരിത്രത്തിലെ ആദ്യ വേനല്‍ക്കാലത്തെ നേരിടേണ്ടിവരുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ധ്രുവക്കരടികളും റെയിന്‍ഡിയറുകളുമെല്ലാം യഥേഷ്ടം വിഹരിച്ച ആര്‍ട്ടിക്കില്‍ പേരിനുപോലും മഞ്ഞില്ലാതാകുന്ന കാലം അധികം വിദൂരമല്ലെന്നും ഗവേഷകര്‍ പറയുന്നു.
കൊളറാഡോ ബോള്‍ഡര്‍ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരായ അലക്സാന്ദ്ര ജാന്‍, ഗോഥെന്‍ബര്‍ഗ് സര്‍വകലാശാലയിലെ സെലിന്‍ ഹ്യൂസ് എന്നിവരുള്‍പ്പെട്ട അന്താരാഷ്ട്ര ഗവേഷണ സംഘമാണ് ഈ പഠനം നടത്തിയത്.
എന്നാൽ ആർട്ടിക്കിലെ മഞ്ഞുരുകിയാൽ നമുക്കെന്താണ് പ്രശ്നം എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. പക്ഷെ അത്ര നിസ്സാരമല്ല കാര്യങ്ങൾ. ആർട്ടിക്കിലെ മഞ്ഞുരുകുന്നതോടെ സമുദ്ര നിരപ്പ് ഉയരും എന്നതാണ് പ്രധാന പ്രശ്നം. അതോടു കൂടി സമുദ്ര നിരപ്പിൽ നിന്നും വളരെ കുറച്ചു മാത്രം ഉയരത്തിൽ നിൽക്കുന്ന പല നഗരങ്ങളെയും കടലെടുക്കും. ഇതിൽ ഏതൊക്കെ പ്രദേശങ്ങൾ വരുമെന്ന് കണ്ട് തന്നെ അറിയേണ്ടി വരും.
ആർട്ടിക്, അൻ്റാർട്ടിക്ക് എന്നിവയാണ് ലോകത്തിലെ റഫ്രിജറേറ്റർ. വെളുത്ത മഞ്ഞും ഹിമവും കൊണ്ട് പൊതിഞ്ഞതിനാൽ, ഇവ ഭൂമിയിൽ പതിക്കുന്ന സൂര്യ താപത്തെ ബഹിരാകാശത്തേക്ക് അയക്കുന്നു. ഈ ഐസ് ഇല്ലാതാകുന്നതോടെ ഭൂമിയുടെ താപനില കൂടുകയും കൂടുതൽ ഉഷ്ണ തരംഗങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഇത് കൂടാതെ, മത്സ്യ സമ്പത്തിന്റെ അസന്തുലിതാവസ്ഥ, വിളകളുടെ നാശം, കാറ്റിന്റെ ഗതിയിലുണ്ടാകുന്ന വ്യത്യാസം എന്നിവയും ഫലങ്ങളാണ്.
Discussion about this post