ചെന്നൈ: അമരൻ സിനിമയിൽ എൻജിനീയറിംഗ് വിദ്യാർത്ഥി വി.വി വാഗീശന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചതിൽ മാപ്പ് പറഞ്ഞ് നിർമ്മാതാക്കൾ. വാഗീശൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ ആയിരുന്നു നിർമ്മാതാക്കളായ രാജ് കമൽ ഫിലിംസ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. സിനിമയിൽ സായ്പല്ലവിയുടെ കഥാപാത്രം ഉപയോഗിച്ചത് വാഗീശന്റെ നമ്പർ ആണെന്നും നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.
1.1 കോടി രൂപ ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി വക്കീൽ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ നിർമ്മാണ കമ്പനി ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയായിരുന്നു. വാഗീശനുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നുവെന്നായിരുന്നു രാജ്കമൽ ഫിലിംസ് പ്രതികരിച്ചത്. സിനിമയിൽ നിന്നും ഈ നമ്പർ നൽകുന്ന രംഗം നീക്കിയിട്ടുണ്ടെന്നും രാജ്കമൽ ഫിലിംസ് അറിയിച്ചു.
ചിത്രത്തിൽ ഇന്ദു റബേക്ക വർഗ്ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിച്ചത്. ഇതിൽ ശിവകാർത്തികേയന് സായ് പല്ലവി മൊബൈൽ നമ്പർ നൽകുന്ന രംഗമുണ്ട്. ഈ രംഗത്തിലാണ് വാഗീശന്റെ നമ്പർ ഉപയോഗിക്കുന്നത്. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഈ നമ്പറിലേക്ക് ആളുകൾ തുടരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വാഗീശന്റെ പരാതി.
രാവും പകലും ഫോണിലേക്ക് ആളുകൾ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ തുടർന്ന് തന്റെ സമാധാനം പോയി എന്നും വാഗീശൻ പറയുന്നു. ഉറങ്ങാനും പഠിക്കാനും പോലും കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. ഇതിന്റെ പേരിൽ ഫോൺ നമ്പർ മാറ്റില്ലെന്നും, അനുമതിയില്ലാതെ മൊബൈൽ നമ്പർ ഉപയോഗിച്ചതിനും ബുദ്ധിമുട്ട് സൃഷ്ടിച്ചതിനും ഒന്നര കോടി രൂപ നൽകണമെന്നും ആയിരുന്നു വാഗീശന്റെ ആവശ്യം.
Discussion about this post