എറണാകുളം: അധികം വൈകാതെ സിനിമയിൽ നിന്നും വിട്ട് നിൽക്കുമെന്ന സൂചന നൽകി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. മൂന്ന് വർഷമായി തുടർച്ചയായി സിനിമയിൽ തുടരുന്നു. എല്ലാ ദിവസവും സിനിമയിൽ അഭിനയിക്കുന്നുവെന്ന തോന്നലാണ് ഇപ്പോൾ എന്നും ബേസിൽ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബേസിൽ മനസ് തുറന്നത്. അതേസമയം ബേസിലിന്റെ പ്രഖ്യാപനം ആരാധകരെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്.
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാനൊരു അപ്പനാണ്. ഹോപ്പ് അപ്പാ എന്ന് വിളിക്കുമ്പോൾ തന്നെ എനിക്ക് ഫീൽ ആകും. കൂട്ടുകാരുടെയും കസിൻസിന്റെയുമൊക്കെ കുട്ടികളോട് സ്‌നേഹവും വാത്സല്യവും തോന്നാറുണ്ട്. എന്നാൽ അവരെ പോലെ ആയിരിക്കില്ല സ്വന്തം കുഞ്ഞ്. സ്വന്തം കുഞ്ഞിനോട് സ്‌നഹേവും അടുപ്പവും വേറെയാണ്. ഹോപ്പ് സംസാരിക്കാൻ തുടങ്ങി. ഓടാനും തുടങ്ങി. അതൊക്കെ കണ്ടിരിക്കാൻ തന്നെ വലിയ രസമാണ്.
ഇതൊക്കെ ആസ്വദിക്കണമെങ്കിൽ വീട്ടിൽ സമയം ചിലവഴിക്കണം. മൂന്ന് വർഷമായി തുടർച്ചയായി സിനിമയിൽ അഭിനയിക്കുന്നു. ഇനി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം. ഒരു വർഷം അതിനായി ബ്രേക്ക് എടുക്കും. അപ്പോൾ ആളുകൾ എന്നെ അന്വേഷിക്കും. മറ്റവൻ എവിടെപോയെന്ന് ചോദിക്കുമെന്നും ബേസിൽ കൂട്ടിച്ചേർത്തു.
Discussion about this post