എറണാകുളം: പ്രമുഖ മലയാള മാദ്ധ്യമമായ മനോരമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ച് നടൻ മണികണ്ഠൻ ആചാരി. വാർത്തയിൽ തന്റെ ചിത്രം തെറ്റായി ഉപയോഗിച്ചതിനെതിരെയാണ് താരം നടപടിയ്‌ക്കൊരുങ്ങുന്നത്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ച് അദ്ദേഹം വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനകേസിൽ നടൻ മണികണ്ഠന് സസ്‌പെൻഷൻ എന്ന തലക്കെട്ടോട് കൂടിയ വാർത്തയിൽ ആണ് മനോരമ ചിത്രം മാറി ഉപയോഗിച്ചത്. കെ. മണികണ്ഠനെതിരെ ആയിരുന്നു ഈ നടപടി. എന്നാൽ അദ്ദേഹത്തിന് പകരം മനോരമ പത്രം നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രം ആയിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മണികണ്ഠൻ ആചാരിയെ ഫോണിൽ വിളിച്ച് സത്യാവസ്ഥ തിരക്കിയിരുന്നു. അപ്പോഴാണ് താരം ഫോട്ടോമാറി നൽകിയ കാര്യം അറിഞ്ഞത്. ഉടനെ മനോരമ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. മലപ്പുറം എഡിഷനിലെ പത്രത്തിൽ ആയിരുന്നു ഗുരുതര പിഴവ് കടന്നുവന്നത്.
മനോരമയ്ക്ക് എന്റെ ചിത്രം കണ്ടാൽ തിരിച്ചറിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് നടൻ തന്റെ വീഡിയോ ആരംഭിക്കുന്നത്. മനോരമയ്ക്ക് അറിയാത്ത ആളാണോ ഞാനെന്ന് സംശയിക്കുന്നു. ചിത്രം ദുരുപയോഗം ചെയ്തത് എന്നെ വളരെയധികം ബാധിച്ചു. പുതിയ തമിഴ് സിനിമയിൽ അവസരം ലഭിച്ചതിനിടെ ആണ് ഇങ്ങനെ വാർത്ത വരുന്നത്. തനിക്ക് പകരം വേറെ ആരെയെങ്കിലും കാസ്റ്റ് ചെയ്യാമെന്ന് അവർക്ക് തോന്നിയിരുന്നു എങ്കിൽ തനിക്ക് അവസരം നഷ്ടമായേനെ എന്നും നടൻ പറഞ്ഞു.
Discussion about this post