കാസർകോട്: പ്രവാസി വ്യവസായിയായ അബ്ദുൾ ഗഫൂർ ഹാജിയുടെ (55) മരണത്തിൽ പോലീസിനെതിരെ കുടുംബം രംഗത്ത്. പ്രതികളുടെ പേരടക്കം നൽകി പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ ബേക്കൽ പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. പ്രതികൾക്ക് കർണാടകയിലടക്കം കണ്ണികളുണ്ടെന്നാണ് കൊല്ലപ്പെട്ട അബ്‌ദുൾ ഗഫൂറിന്റെ ബന്ധുക്കൾ പറയുന്നത്.
ഗഫൂറിന്റെ മരണത്തിൽ വീടുകളിൽ പോയി ആഭിചാരക്രിയ നടത്തുന്ന മന്ത്രവാദിനി ഉദുമ മീത്തലെ മാങ്ങാട് കൂളിക്കുന്ന് സ്വദേശിനി കെ.എച്ച് ഷമീന എന്ന ജിന്നുമ്മ (38), ഭർത്താവ് ഉളിയത്തടുക്ക നാഷണൽ നഗർ സ്വദേശി ടി എം ഉബൈദ് എന്ന ഉവൈസ് (32), സഹായികളായ പള്ളിക്കര കീക്കാൻ മുക്കൂട് ജീലാനി നഗറിലെ അസ്നിഫ (36), മധൂർ കൊല്ല്യ ഹൗസിൽ ആയിഷ (43) എന്നിവരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തിരുന്നു. ഗഫൂറിന്റെ വീട്ടിലുണ്ടായിരുന്ന 596 പവൻ തട്ടിയെടുക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തിയത്.
പ്രതികൾ അബ്‌ദുൾ ഗഫൂർ ഹാജിയില്‍ നിന്ന് നേരത്തെ കുറച്ച് സ്വർണം വാങ്ങിയിരുന്നു. ഇത് തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെയാണ് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പണം ഇരട്ടിപ്പിച്ചു നൽകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ സംഭവ ദിവസം വീട്ടിലെത്തിയത്. മാന്ത്രിക ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ചില മരുന്നുകൾ ഗഫൂറിന് നല്‍കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, വീട്ടിലുണ്ടായിരുന്ന സ്വർണവും കവർന്നു.
തട്ടിയെടുത്ത സ്വർണം കാസർകോട്ടെ അഞ്ച് ജ്വല്ലറികളിൽ വിറ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ഒരു തകിട് മന്ത്രിച്ച് നല്‍കുന്നതിന് അമ്പതിനായിരം രൂപയോളം ആണ് ജിന്നുമ്മ കൈപ്പറ്റിയിരുന്നതെന്നാണ് സൂചന. ജിന്നുമ്മയുടെയും ഉവൈസിന്റെയും സാമ്പത്തിക ഇടപാടുകളെപ്പറ്റിയും അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
Discussion about this post