മൂത്രമൊഴിക്കാനായി തോന്നിയിട്ടും സമയക്കുറവുകൊണ്ടോ സാഹചര്യങ്ങൾ മൂലമോ പിടിച്ചുനിർത്തുന്നവരാണോ? എങ്കിൽ ഭാവിയിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ആണെന്നാണ് വിദഗ്ധാഭിപ്രായം. എപ്പോഴും എപ്പോഴും മൂത്രശങ്ക തോന്നുന്ന പ്രശ്നം ഇപ്പോൾ പ്രായമായവരെ പോലെ തന്നെ ചെറുപ്പക്കാരിലും സാധാരണമാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ ചില ഗവേഷണങ്ങളിലാണ് മൂത്രം ദീർഘനേരം പിടിച്ചുനിർത്തുന്നതിന്റെ അനന്തരഫലമായി മൂത്രസഞ്ചി ചുരുങ്ങുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും എന്ന് കണ്ടെത്തിയിട്ടുള്ളത്.
മൂത്രമൊഴിക്കുന്നത് പിടിച്ചുനിർത്തുന്നത് ശീലമാകുന്നതോടെ മൂത്രാശയ സംവേദനക്ഷമത കുറയാൻ തുടങ്ങും. ഇതുവഴി നിങ്ങളുടെ മൂത്രസഞ്ചി പേശികൾ ദുർബലമാകും. മൂത്രാശയത്തിലെയും മൂത്രനാളിലെയും അണുബാധയ്ക്കും ഇത്തരത്തിൽ മൂത്രം പിടിച്ചുവയ്ക്കുന്നത് കാരണമാകുന്നതാണ്.
കൂടാതെ മൂത്രം പിടിച്ചു നിർത്തുന്നത് സ്ഥിരമായി തുടർന്നാൽ അജിതേന്ദ്രിയത്വം എന്ന അവസ്ഥയിലേക്കും നയിക്കുന്നതാണ്. ഈ പ്രശ്നമുള്ളവർക്ക് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ എല്ലാം അല്പം മൂത്രം അടിവസ്ത്രത്തിൽ പോകുന്നതായിരിക്കും. കൂടാതെ മൂത്രം ദീർഘസമയം തടഞ്ഞു നിൽക്കുന്നതു വഴി ശരീരത്തിലെ മാലിന്യങ്ങൾ കാൽസിഫൈ ചെയ്ത് ക്രിസ്റ്റലുകളായി മാറുകയും വൃക്കയിലെ കല്ലിന് കാരണമാവുകയും ചെയ്യുന്നതാണ്.
Discussion about this post