ലക്‌നൗ: സംഭലിൽ ഉണ്ടായ അക്രമ സംഭവങ്ങൾ പ്രതിരോധിച്ച പോലീസിനെ പിന്തുണച്ചതിന്റെ പേരിൽ ഭാര്യയെ മൊഴിചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. നൈദ എന്ന പേരുള്ള യുവതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- സംഭലിൽ ഉണ്ടായ സംഘർഷം പോലീസ് പരിഹരിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ കാണുകയായിരുന്നു യുവതി. ഈ സമയം അവിടെയെത്തിയ ഭർത്താവ് ഇത് തടഞ്ഞു. ശേഷം പോലീസുകാരെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തു. ഇത് യുവതി എതിർക്കുകയായിരുന്നു. പോലീസുകാർ ചെയ്തതിൽ തെറ്റില്ലെന്നും, സംഘർഷം അവർ ഫലപ്രദമായി പരിഹരിച്ചുവെന്നും യുവതി പറഞ്ഞു. ഇതിൽ പ്രകോപിതനായ ഭർത്താവ് യുവതിയെ കാഫിർ എന്ന് വിളിച്ച് അസഭ്യം പറയുകയായിരുന്നു. ഇതിന് പിന്നാലെ മൊഴി ചൊല്ലി. ശേഷം വീട്ടിൽ നിന്നും അടിച്ചിറക്കുകയായിരുന്നു. ഇതോടെയാണ് നൈദ പോലീസിനെ സമീപിച്ചത്.
അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് കുട്ടികൾ ആണ് യുവതിയ്ക്ക് ഉള്ളത്. ഇവരെ ഭർത്താവ് ഒട്ടും ശ്രദ്ധിക്കാറില്ലെന്ന് യുവതിയുടെ അഭിഭാഷകൻ പറയുന്നു. മൂത്തകുട്ടിയെ ലൈംഗികമായി ഇയാൾ ഉപദ്രവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെതിരെ പോലീസ് കേസ് നിലനിൽക്കുന്നുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു.
സംഭവത്തിൽ 2019 ലെ മുത്വലാഖ് നിരോധന നിയമപ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം സംഭവ ശേഷം ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.
Discussion about this post