ധാക്ക : ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശിൽ. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ന്യൂഡൽഹിയും ധാക്കയും തമ്മിലുള്ള ബന്ധം ഉലച്ചിലുണ്ടായതിന് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ധാക്കയിലെത്തിയത് .ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയെ ആശങ്ക അറിയിക്കും. ജയിലിൽ കഴിയുന്ന സന്യാസി ചിന്മയ് കൃഷ്ണദാസിൻറെ വിചാരണ നീതിപൂർവ്വമായി നടത്തണമെന്ന് ആവശ്യപ്പെടും.
മുഹമ്മദ് യൂനസിൻറെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരുമായി ചർച്ച നടത്തും. സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ഹസീന രാജ്യം വിട്ടിരുന്നു. ഇന്ത്യയിലാണ് ഹസീന അഭയം തേടിയത്. ഇതിനെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത ബന്ധം കടുത്ത പ്രതിസന്ധിയിലായി. ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദ് യൂനുസ് അധികാരത്തിലെത്തിയത്. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളും ചിൻമോയ് കൃഷ്ണ ദാസിന്റെ അറസ്റ്റും കാരണം ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലങ്ങൾക്കെതിരെ ആക്രമണം തുടരുകയാണ്. ഏറ്റവുമൊടുവിൽ ഡിസംബർ ആറിന് ധാക്കയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് തീയിട്ടു. വടക്കൻ ധാക്കയിലെ ധോർ ഗ്രാമത്തിലെ മഹാഭാഗ്യ ലക്ഷ്മിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. ദേശീയ അനാദരവ് കാട്ടിയെന്നാരോപിച്ച് കഴിഞ്ഞ ഒക്ടോബർ 30ന് രജിസ്റ്റർ ചെയ്ത കേസിലാണ് ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ബാങ്ക് അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തു.
Discussion about this post