എറണാകുളം: അല്ലു അർജുൻ നായകനായ പുഷ്പ 2 വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത് ചിത്രത്തിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഇതിനോടകം തന്നെ 800 കോടി രൂപയാണ് ചിത്രം സ്വന്തമാക്കി. എന്നാൽ ഇതിനിടെ പുഷ്പയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ തിയറ്ററിൽ ഒരു അപൂർവ്വ സംഭവം ഉണ്ടായിരുന്നു.
3 മണിക്കൂറും 15 മിനിറ്റും ആണ് ചിത്രത്തിന്റെ ദൈർഘ്യം. എന്നാൽ കൊച്ചിയിലെ ഈ തിയറ്ററിൽ 30 മിനിറ്റ് നേരം കൊണ്ട് ചിത്രം പൂർത്തിയായി. സിനിമ കാണാൻ എത്തിയവർ ആദ്യം അമ്പരന്നു. പിന്നീടാണ് സംഭവിച്ച അമളി വ്യക്തമായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സെന്റർ സ്‌ക്വയർ മാളിലെ സിനിപോളിസ് തിയറ്ററിൽ ആയിരുന്നു സംഭവം. പതിവ് പോലെ 6.30 നുള്ള ഷോ ആരംഭിച്ചു. തമിഴിൽ ആയിരുന്നു ചിത്രം ഇവിടെ പ്രദർശിപ്പിച്ചത്. എന്നാൽ അര മണിക്കൂർ കൊണ്ട് പടം അവസാനിക്കുകയായിരുന്നു. ഇതോടെ എന്ത് സംഭവിച്ചെന്ന അറിയാതെ ആളുകൾ ബഹളം ഉണ്ടാക്കി. ഇതിന് പിന്നാലെ പരിശോധിച്ചപ്പോഴാണ് അബദ്ധം മനസിലായത്. സിനിമയുടെ രണ്ടാം ഭാഗം ആയിരുന്നു തിയറ്ററിൽ പ്രദർശിപ്പിച്ചത്. ഇതോടെ ടിക്കറ്റിന് നൽകിയ പണം തിരികെ നൽകണം എന്നായി ആളുകൾ. സിനിമയുടെ ആദ്യ ഭാഗം കാണിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
ഇതോടെ ഒൻപത് മണിയ്ക്ക് സിനിമ വീണ്ടും പ്രദർശിപ്പിക്കാമെന്ന് തിയറ്റർ ജീവനക്കാർ സമ്മതിച്ചു. എന്നാൽ ഒൻപത് മണിയ്ക്ക് 10 പേർ മാത്രമായിരുന്നു ആദ്യ ഭാഗം കാണാൻ തിയറ്ററിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർക്ക് ടിക്കറ്റിന്റെ പണം തിരികെ നൽകുമെന്ന് ജീവനക്കാർ അറിയിച്ചു.
Discussion about this post