വാഷിംഗ്ടൺ; ലോകത്തിന്റെ വളർച്ചയ്ക്ക് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുന്ന കണ്ടുപിടുത്തവുമായി ഗൂഗിൾ. ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികൾ മറികടക്കുന്ന കണ്ടെത്തലാണ് ആഗോള ടെക് ഭീമൻ നടത്തിയിരിക്കുന്നത്. വില്ലോ എന്ന കമ്പ്യൂട്ടർ ചിപ്പാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. നാല് ചതുരശ്ര മീറ്റർ മാത്രം വലിപ്പമുള്ള ഇത് പക്ഷേ പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വർഷം കൊണ്ട് ചെയ്ത് തീർക്കേണ്ട ജോലി,അഞ്ചുമിനിറ്റിനുള്ളിൽ ചെയ്ത് തീർക്കും.
കാലിഫോർണിയയിലെ സാന്റ ബാർബാറയിലാണ് ചിപ്പ് നിർമിച്ചത്. താരതമ്യേന കുറഞ്ഞ തെറ്റുകൾ മാത്രമേ വില്ലോ ചിപ്പ് വരുത്തുന്നുള്ളൂവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. 105 ക്യുബിറ്റുകൾ ഉപയോഗിച്ചാണ് വില്ലോ ചിപ്പ് നിർമിച്ചിരിക്കുന്നത്. സാധാരണ കമ്പ്യൂട്ടറുകൾ ‘ബിറ്റ്’ (ബൈനറി ഡിജിറ്റ് ) അടിസ്ഥാനമാക്കിയുള്ളവയാണെങ്കിൽ, ക്വാണ്ടം കമ്പ്യൂട്ടറുകളിൽ ക്യുബിറ്റുകളാണ്. സാധാരണ ബിറ്റുകൾ 0 അല്ലെങ്കിൽ 1 നെ പ്രതിനിധീകരിക്കുമ്പോൾ, ക്യുബിറ്റുകൾക്ക് 0, 1 എന്നിവയ്ക്കൊപ്പം രണ്ടിന്റെയും സൂപ്പർപോസിഷനെയും പ്രതിനിധീകരിക്കാൻ കഴിയും. ഇക്കാരണത്താൽ ക്വാണ്ടം കമ്പ്യൂട്ടറുകളുടെ വേഗം വർധിക്കും.
ലോകത്ത് പരമ്പരാഗതമായുപയോഗിച്ചുവരുന്ന സ്പീഡ് കംപ്യൂട്ടറുകൾ 10 സെപ്റ്റില്യൺ (ഒന്നിനുശേഷം 25 പൂജ്യം വരുന്ന സംഖ്യ) വർഷംകൊണ്ട് ചെയ്തുതീർക്കുന്ന ജോലിയാണ് ഈ ചിപ്പ് അഞ്ചുമിനിറ്റുകൊണ്ടു ചെയ്തുതീർക്കുക.
Discussion about this post