തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ ചർച്ചയായി കേരളത്തിലെ ആദ്യ വാഹനാപകടവും അതിന്റെ കാരണവും. 110 വർഷത്തിലേറെയായി കേരളത്തിൽ ആദ്യത്തെ വാഹനാപകടം ഉണ്ടായിട്ട്. അന്നത്തെ അപകടത്തിലൂടെ ജീവന് നഷ്ടപ്പെട്ടതാകട്ടെ കേരള വർമ വലിയ കോയി തമ്പുരാനും.
1914 സെപ്തംബർ 20ന് കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ടത് കേരള കാളിദാസൻ കേരളവർമ വലിയ കോയിത്തമ്പുരാൻ. സെപ്റ്റംബർ 22ന് അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരം കൊട്ടാരത്തിലേക്ക് മടങ്ങവേ കായംകുളം കുറ്റിത്തെരുവ് ജങ്ഷനിലാണ് കാർ മറിഞ്ഞത്. മരുമകൻ കേരള പാണിനി എ ആർ രാജരാജവർമയും കൂടെയുണ്ടായിരുന്നു.
നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്. നായയെ രക്ഷിക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ കാറിൽ ഉണ്ടായിരുന്ന നാല് പേർക്കും സാരമായ പരിക്ക് ഇല്ലായിരുന്നു. കേരളവർമ വലിയ കോയിത്തമ്പുരാൻ ഇരുന്ന വശത്തേക്കാണ് കാർ മറിഞ്ഞത്. അദ്ദേഹത്തിന്റെ നെഞ്ച് ശക്തമായി കാറിൽ ഇടിച്ചുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമായതത്രേ.ചികിത്സയിലിരിക്കെ എ ആർ രാജരാജവർമയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം.
Discussion about this post